THRISSUR

ജില്ലയില്‍ പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പുതുക്കല്‍ പുരോഗമിക്കുന്നു

തൃശ്ശൂര്‍: പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പുതുക്കലിൻ്റെ ഭാഗമായി ജില്ലയില്‍ എന്യൂമറേഷന്‍ ഫോം സ്വീകരണവും ഡിജിറ്റൈസേഷനും പുരോഗമിക്കുന്നു. ഇതുവരെ 65 ശതമാനത്തിലധികം ഫോമുകള്‍ ലഭിച്ചതില്‍ 55 ശതമാനം ഫോമുകളുടെ ഡിജിറ്റൈസേഷന്‍ പൂര്‍ത്തിയായി. ജില്ലയിലെ 64 ബി.എല്‍.ഒമാര്‍ എന്യൂമറേഷന്‍ ഘട്ടത്തിലെ ഡിജിറ്റൈസേഷന്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. എന്യൂമറേഷന്‍ ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയ ബി.എല്‍.ഒമാരെ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അനുമോദിച്ചു.

ബി.എല്‍.ഒമാര്‍ ഗൃഹസന്ദര്‍ശനം നടത്തിയും പ്രത്യേകം ക്യാമ്പ് സംഘടിപ്പിച്ചുമാണ് ഫോമുകള്‍ സ്വീകരിക്കുന്നത്. വോട്ടര്‍മാര്‍ക്ക് ഫോം പൂരിപ്പിക്കുന്നതിനുള്ള സഹായവും ക്യാമ്പിലുണ്ട്. പ്രത്യേകം സജ്ജമാക്കിയ ക്യാമ്പുകളില്‍ റവന്യൂ ജീവനക്കാരും വളണ്ടിയര്‍മാരും ബി.എല്‍.ഒമാരെ സഹായിക്കുന്നുണ്ട്. എന്യൂമറേഷന്‍ ഫോം പൂരിപ്പിച്ച് നല്‍കുന്ന എല്ലാ വോട്ടര്‍മാരേയും ഉള്‍പ്പെടുത്തി ഡിസംബര്‍ ഒമ്പതിന് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. എല്ലാ വോട്ടര്‍മാരും എന്യൂമറേഷന്‍ ഫോം പൂരിപ്പിച്ച് ബി.എല്‍.ഒയ്ക്ക് കൈമാറണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.