തൃശ്ശൂർ കൾച്ചറൽ ക്യാപിറ്റൽ മാരത്തോൺ; രണ്ടാം ഭാഗം ജനുവരി 25 ന്
തൃശ്ശൂർ: കേരളത്തിൻ്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിൽ ജില്ലാഭരണകൂടവും എൻഡ്യുറൻസ് അത്ലറ്റ്സ് ഓഫ് തൃശ്ശൂർ ക്ലബ്ബും “ബാക്ക് ടു ട്രാക്ക്, ഫൈറ്റ് എഗെയ്ൻസ്റ്റ് ഡ്രഗ്” (Back to Track, Fight against Drugs) എന്ന ആശയത്തിലൂന്നി ജില്ലയിൽ നിന്നും പ്രായഭേദമന്യേ എല്ലാ ജനവിഭാഗങ്ങളെയും ഉൾപ്പെടുത്തി നടത്തുന്ന കേരള ഗ്രാമീൺ ബാങ്ക് തൃശ്ശൂർ കൾച്ചറൽ ക്യാപിറ്റൽ മാരത്തോണിൻ്റെ ആദ്യ ഭാഗത്തിൻ്റെ വിജയത്തിൻ്റെ തുടർച്ചയായി രണ്ടാം ഭാഗം 2026 ജനുവരി 25 ന് നടക്കും.
ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ്റെ ആശയത്തിൽ കായികവും ശാരീരിക ക്ഷമതയും പ്രോത്സാഹിപ്പിക്കുന്നതിനും ടൂറിസം വികസനത്തിനും ജില്ലയിൽ ആദ്യമായി ആരംഭിച്ച ഫുൾ മാരത്തോണാണ് ഇത്. എൻഡ്യുറൻസ് അത്ലറ്റ്സ് ഓഫ് തൃശ്ശൂർ ക്ലബ്ബാണ് ഇതിൻ്റെ മുഖ്യ സംഘാടകർ.
തൃശ്ശൂർ ജില്ലാഭരണകൂടവും ഡിടിപിസി-യും സിറ്റി പോലീസും തൃശ്ശൂർ കോർപ്പറേഷനും എൻഡ്യുറൻസ് അത്ലറ്റ്സ് ഓഫ് തൃശ്ശൂർ ക്ലബ്ബും സംയുക്തമായാണ് മാരത്തോൺ സംഘടിപ്പിക്കുന്നത്. ഒന്നാം ഭാഗത്തിൽ നിന്നും വ്യത്യസ്തമായി കേരളത്തിൽ മറ്റൊരിടത്തും ഇല്ലാത്ത 20 മൈലർ (32 കി.മീ) ആദ്യമായി കൊണ്ട് വരുന്നതും ഇവിടെയാണ്. ഹാഫ് മാരത്തൺ ചെയ്യുന്നവർക്ക് ആദ്യ ചുവടുവെപ്പായി ഇതിനെ പ്രയോജനപ്പെടുത്താം. കഴിഞ്ഞ തവണ ഉണ്ടായിരുന്ന മറ്റു വിഭാഗങ്ങളായ ഫുൾ മാരത്തോൺ (42.2 കി.മീ) ഹാഫ് മാരത്തോൺ (21.1 കി.മീ), 10 കി.മീ, 5 കി.മീ (ഫുൾ റൺ) എന്നിവയും ഇപ്രാവശ്യവും ഉൾപ്പെടുത്തിയിട്ടുണ്ട്. തൃശ്ശൂർ കൾച്ചറൽ ക്യാപിറ്റൽ മാരത്തോൺ ആദ്യ ഭാഗത്തിൻ്റെ ടൈറ്റിൽ സ്പോൺസറായ കേരള ഗ്രാമീൺ ബാങ്ക് തന്നെയാണ് രണ്ടാം എഡിഷൻ്റെയും ടൈറ്റിൽ സ്പോൺസർ.
തൃശ്ശൂരിലെ വൈവിധ്യങ്ങളെ തൊട്ടറിഞ്ഞു കൊണ്ട് എല്ലാ മാസവും വിവിധയിടങ്ങളിൽ തൃശ്ശൂർ ജില്ലാഭരണകൂടവും എൻഡ്യുറൻസ് അത്ലറ്റ്സ് ഓഫ് തൃശ്ശൂർ ക്ലബ്ബും ചേർന്ന് നടത്തുന്ന “കളക്ടറോടൊപ്പം ഓടാം” പ്രതിമാസ ഗ്രൂപ്പ് റണ്ണുകൾ കൾച്ചറൽ ക്യാപിറ്റൽ മാരത്തോണിൻ്റെ രണ്ടാം ഭാഗത്തിന് മുതൽക്കൂട്ടാണ്.
കഴിഞ്ഞ മാസം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഫുൾ മാരത്തണിൽ (42.2 കി.മീ) രജിസ്റ്റർ ചെയ്തുകൊണ്ട് രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ പതിപ്പിൽ ഏകദേശം 2500 പേർ പങ്കെടുത്തു. ഇതിനകം 800 പേർ ഈ പതിപ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്, ഈ വർഷം 4000 പേർ പങ്കെടുക്കുമെന്ന് പ്രതീക്കുന്നതായി എൻഡ്യുറൻസ് അത്ലറ്റ്സ് ഓഫ് തൃശ്ശൂർ ക്ലബ് (EAT) ഭാരവാഹികൾ അറിയിച്ചു.
ജില്ലയുടെ ആദ്യ മാരത്തണിനും വിവിധ ഭാഗങ്ങളിൽ നടന്ന കൂട്ടയോട്ടങ്ങളിലൂടേയും കൂടുതൽ ആളുകളെ ആരോഗ്യ ശീലത്തിലേക്ക് കൊണ്ടുവരാനും പുതിയ കായിക സംസ്കാരം വികസിപ്പിക്കാനും സഹായിച്ചിട്ടുണ്ടെന്ന് കളക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി
https://www.thrissurmarathon.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
കളക്ടറോടൊപ്പമുള്ള ഓട്ടത്തിൻ്റെ ആറാം പതിപ്പ് ഡിസംബർ 21 (ഞായറാഴ്ച) രാവിലെ 6 മണിക്ക് കോടന്നൂർ സെൻ്ററിൽ 10 കി.മീ, 5 കി.മീ വിഭാഗങ്ങളിൽ നടക്കും. പങ്കെടുക്കുന്നതിനായി 7012476210 എന്ന നമ്പറിൽ ബന്ധപ്പെടുക.



