THRISSUR

നെടുപുഴ മേൽപ്പാലം നിർമ്മാണം ജനുവരിയിൽ ആരംഭിക്കും

തിരുവനന്തപുരം: നെടുപുഴ റയിൽവേ മേൽപ്പാലത്തിൻ്റെ അപ്രോച്ച് റോഡുകളുടെയും ഡ്രൈനേജ് ലൈനിൻ്റെയും പ്രവൃത്തികൾ ജനുവരിയിൽ ആരംഭിക്കാൻ റവന്യൂ മന്ത്രി കെ രാജൻ്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. മേൽപ്പാലത്തിൻ്റെ ടെസ്റ്റ് പൈൽ പ്രവൃത്തികൾ ജനുവരി 15 നുള്ളിലും ആരംഭിക്കും.

കണിമംഗലം വില്ലേജിലെ 68.86 സെൻ്റ് ഭൂമിയാണ് മേൽപ്പാലത്തിനായി ഏറ്റെടുത്ത് സർക്കാർ കൈമാറിയത്. നിർമ്മാണം പൂർത്തിയായാൽ തൃശൂർ നഗരം ചുറ്റാതെ ജില്ലയിലെ രണ്ട് ദേശീയ പാതകളെ എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന ഒന്നായി നെടുപുഴ മേൽപ്പാലം മാറും.

ഇതിനോടനുബന്ധിച്ച് തന്നെ കിഫ്ബി മുഖാന്തിരം 10 കോടി ചെലവിട്ട് നിർമിക്കുന്ന നെടുപുഴ – അരണാട്ടുകര റോഡിൻ്റെ ഡിപിആർ തയ്യാറായതായി മന്ത്രി കെ രാജൻ പറഞ്ഞു.

യോഗത്തിൽ ആർബിഡിസികെ എംഡി എസ് സുഹാസ് ഐഎഎസ്, തൃശൂർ എൽഎ ഡെപ്യൂട്ടി കളക്ടർ മനോജ്, റയിൽവേ തിരുവനന്തപുരം ഡിവിഷണൽ ഉദ്യോഗസ്ഥർ, ആർബിഡിസികെ ഉദ്യോഗസ്ഥർ, കരാർ കമ്പനി പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.