THRISSUR

ചാവക്കാട് ബീച്ച് ഓണാഘോഷം സെപ്തംബർ 7, 8 തിയ്യതികളിൽ

സെപ്തംബർ എട്ടിന് ഗായിക സിതാര നയിക്കുന്ന സ്റ്റേജ് ഷോ

ചാവക്കാട് ഡെസ്റ്റിനേഷൻ മാനേജ്മെൻ്റ് കൗൺസിലും ചാവക്കാട് നഗരസഭയും സംയുക്തമായി ചാവക്കാട് ബീച്ചിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി
“തീരപെരുമ – 2025” സെപ്ത‌ംബർ ഏഴ്, എട്ട് തിയ്യതികളിൽ വിപുലമായ രീതിയിൽ നടത്തുമെന്ന് എൻ.കെ. അക്ബർ എം.എൽ.എ അറിയിച്ചു. ഓണാഘോഷത്തിൻ്റെ ഭാഗമായി വിളംബര ഘോഷയാത്ര, സാംസ്കാരിക സമ്മേളനം, ഗായിക സിതാര നയിക്കുന്ന സിതാരാസ് പ്രോജക്ട് മലബാറിക്കസ് സ്റ്റേജ് ഷോ, ഗസൽ ഗായകൻ സിറാജ് അമനിൻ്റെ സംഗീത കച്ചേരി, പ്രാദേശിക കലാകാരന്മാരുടെ ഓണക്കളികൾ, കുട്ടികൾക്കായി കാർണിവൽ തുടങ്ങിയവ ഉണ്ടായിരിക്കും
.

സെപ്‌തംബർ ഏഴിന് വൈകീട്ട് നാലിന് നടക്കുന്ന വർണ്ണാഭമായ വിളംബര ഘോഷയാത്രയോടെ “തീരപെരുമ 2025″ന് തുടക്കമാകും. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ, ജനപ്രതിനിധികൾ, കലാ-കായിക ക്ലബ്ബുകൾ, കുടുംബശ്രീ പ്രവർത്തകർ, സാംസ്കാരിക സ്ഥാപനങ്ങളിലേയും വായനശാലകളിലേയും പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കുന്ന ഘോഷയാത്ര കേരള മൈതാനിയിൽ നിന്നും ആരംഭിച്ച് ചാവക്കാട് ബീച്ചിൽ എത്തിച്ചേരും.

തുടർന്ന് വൈകീട്ട് അഞ്ചിന് നടക്കുന്ന സാംസ്കാരിക സമ്മേളനം റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. എൻ.കെ. അക്ബർ എം.എൽ.എ അധ്യക്ഷനാകും. ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ, മുൻ എം.എൽ.എമാരായ കെ.വി അബ്‌ദുൾഖാദർ, പി.ടി കുഞ്ഞുമുഹമ്മദ്‌ എന്നിവർ മുഖ്യാതിഥികളാവും. നഗരസഭ ചെയർപേഴ്സൺമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, സാംസ്‌കാരിക നായകർ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങിനുശേഷം വൈകീട്ട് ആറ് മുതൽ പ്രാദേശിക കലാകാരൻമാർ പങ്കെടുക്കുന്ന ഓണക്കളികളും വൈകീട്ട് ഏഴിന് ഗസൽ ഗായകൻ സിറാജ് അമനിൻ്റെ സംഗീത കച്ചേരിയും അരങ്ങേറും.

സെപ്തംബർ എട്ടിന് വൈകീട്ട് ഏഴിന് ഗായിക സിത്താര കൃഷ്‌ണകുമാർ നയിക്കുന്ന സിതാരാസ് മലബാറിക്കസ് ബാന്റിൻ്റെ സ്റ്റേജ് ഷോയോട് കൂടി ‘തീര പെരുമ 2025’ന് തിരശ്ശീല വീഴും.

പത്രസമ്മേളനത്തിൽ ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, വൈസ് ചെയർപേഴ്സൺ കെ.കെ. മുബാറക്, ഡി.എം.സി കമ്മിറ്റി അംഗങ്ങളായ എം.ആർ. രാധാകൃഷ്ണൻ, കെ.വി. രവീന്ദ്രൻ, മഞ്ജുഷ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.