ഒരപ്പൻകെട്ട് പദ്ധതി ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: ഒല്ലൂർ നിയോജക മണ്ഡലത്തിലെ ടൂറിസം പ്രവൃത്തികളുടെ പുരോഗതി റവന്യൂ മന്ത്രി കെ രാജൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. അന്താരാഷ്ട്ര നിലവാരത്തിലുള്ള പുത്തൂർ സുവോളജിക്കൽ പാർക്ക് ഉൾപ്പടെയുള്ള ഒല്ലൂർ വിനോദ സഞ്ചാര ഇടനാഴിയുടെ ഭാഗമായ കേന്ദ്രങ്ങളിലെ പദ്ധതി നിർവഹണ പുരോഗതിയാണ് വിലയിരുത്തിയത്.
4.99 കോടി രൂപ ചെലവിട്ട് യാഥാർത്ഥ്യമാക്കുന്ന ഒരപ്പൻകെട്ട് ടൂറിസം വികസനപദ്ധതി ജനുവരിക്കുള്ളിൽ പൂർത്തിയാക്കണമെന്ന് സ്ഥലം എംഎൽഎ കൂടിയായ റവന്യൂ മന്ത്രി നിർദ്ദേശിച്ചു. ഫെബ്രുവരി ആദ്യവാരം പദ്ധതി നാടിന് സമർപ്പിക്കുന്നതിനുള്ള തീരുമാനവും യോഗത്തിലുണ്ടായി.
നിലവിൽ റീട്ടെയിനിങ് വാൾ, ടിക്കറ്റ് കൗണ്ടർ, റെയിൽ ഷെൽട്ടർ, ഹാൻഡ് റയിൽ, ടോയ്ലറ്റ് എന്നിവയുടെ നിർമ്മാണം പുരോഗമിക്കുന്നുണ്ട്. പ്രധാന ആകർണമായ ഗ്ലാസ് ബ്രിഡ്ജ്, സിപ് ലൈൻ തുടങ്ങിയവയുടെ നിർമ്മാണം ജനുവരിയിൽ പൂർത്തീകരിക്കാനാണ് മന്ത്രി നിർദ്ദേശിച്ചിരിക്കുന്നത്. ബോട്ട് ജെട്ടി, ചെക്ക് ഡാം എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമായി വരും.
ടൂറിസം കോറിഡോറിൻ്റെ മറ്റൊരു ആകർഷണ കേന്ദ്രമായ ചിയ്യാരം വാക്കിങ് സ്ട്രീറ്റിൻ്റെ വികസനത്തിനുള്ള ടെണ്ടർ നടപടികൾ ഡിസംബറിൽ പൂർത്തീകരിച്ച് നിർമ്മാണം ആരംഭിക്കാൻ യോഗം തീരുമാനിച്ചു. കെഎൽഡിസിയുടെ എൻഒസി ഉൾപ്പടെ ലഭ്യമായതായി ഉദ്യോഗസ്ഥർ അറിയിച്ചു. 2.99 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് ചിയ്യാരം വാക്കിങ് സ്ട്രീറ്റിൽ നടക്കുക.
പീച്ചി രണ്ടാംഘട്ട സൗന്ദര്യവൽക്കരണം, വല്ലൂർക്കുത്ത് ടൂറിസം പദ്ധതി, പുല്ലുകുളം ടൂറിസം പദ്ധതി എന്നിവയുടെയും പുരോഗതി യോഗം വിലയിരുത്തി. ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ ഐഎഎസ്, ധനകാര്യം, ടൂറിസം വകുപ്പുകളുടെയും കെഎൽഡിസി യുടെയും ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.



