THRISSUR

എസ് ഐ ആർ; സ്പെഷ്യൽ ഡ്രൈവും ഹിയറിങ്ങും സംഘടിപ്പിക്കും

തൃശ്ശൂർ: എസ് ഐ ആറുമായി ബന്ധപ്പെട്ട് അർഹതപ്പെട്ട മുഴുവൻ പേരെയും പട്ടികയുടെ ഭാഗമാക്കുന്നതിന് സ്പെഷ്യൽ ഡ്രൈവുകളും ഹിയറിങ്ങുകളും സംഘടിപ്പിക്കാൻ ഇലക്ടറൽ റോൾ ഒബ്സർവർ കെ. ബിജു കളക്ടറേറ്റിൽ നടത്തിയ റിവ്യൂ മീറ്റിംഗിൽ തിരുമാനമായി. എസ് ഐ ആറുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ജില്ലയിൽ നല്ല രീതിയിൽ പുരോഗമിക്കുന്നതായും ഓരോ ഘട്ടത്തിലും പ്രശ്നങൾ പരിഹരിച്ചു പോകുന്നുണ്ടെന്നും റോൾ ഒബ്സെർവർ വിലയിരുത്തി. ഡാറ്റാ ശേഖരണവും ഹിയറിങ് നടപടികളും ഇതേ വേഗതയിൽ തുടരണമെന്നും അദ്ദേഹം നിർദേശിച്ചു.

നിയോജകമണ്ഡല അടിസ്ഥാനത്തിൽ സ്പെഷ്യൽ ഡ്രൈവുകൾ സംഘടിപ്പിച്ച് അർഹരായ മുഴുവൻ പേരെയും വോട്ടർപട്ടികയിൽ ഉൾപ്പെടുത്താൻ വേണ്ട നടപടികൾ സ്വീകരിക്കും. പട്ടികയിൽ ഉൾപ്പെട്ടിട്ടും രേഖകൾ കണ്ടെത്താൻ ആവശ്യമുള്ളവർക്കായി പ്രത്യേക ഹിയറിങ്ങുകൾ സംഘടിപ്പിക്കും. പ്രത്യേക പരിഗണന ആവശ്യമുള്ള ട്രൈബൽ മേഖലകളിൽ പ്രത്യേക ഡ്രൈവുകൾ സംഘടിപ്പിച്ച് ഹെൽപ്പ് ഡെസ്ക്കിലൂടെ ആവശ്യമായ രേഖകൾ ഉറപ്പാക്കി പട്ടികയിൽ ഉൾപ്പെടുത്തുന്ന പ്രവർത്തനങ്ങളും വേഗത്തിലാക്കും. എസ് ഐ ആർ പ്രകാരം പട്ടികയിൽ ഉൾപ്പെടുത്തേണ്ട ആളുകളുടെയും കണ്ടെത്തേണ്ട ആളുകളുടെയും മണ്ഡലം തിരിച്ചുള്ള കണക്കുകൾ യോഗം വിശകലനം ചെയ്തു. ജില്ലയിലെ സംസ്ഥാന അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ ഇലക്ഷൻ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികളും യോഗം വിലയിരുത്തി.

കളക്ടറേറ്റിൽ നടന്ന യോഗത്തിൽ സബ് കളക്ടർ അഖിൽ വി മേനോൻ, ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാരായ കെ രേവ, പി ഷിബിൻ, എസ് അൻസാദ്, എം സി ജ്യോതി, ആർ മനോജ്, വിഭൂഷണൻ തുടങ്ങിയവർ പങ്കെടുത്തു.