ഇറ്റ്ഫോക്ക് ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
കേരള സംഗീത നാടക അക്കാദമി ജനുവരി 25 മുതല്‍ ഫെബ്രുവരി ഒന്ന് വരെ സംഘടിപ്പിക്കുന്ന ഇറ്റ്ഫോക്ക് പതിനാറാമത് പതിപ്പിൻ്റെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങ് ആരംഭിച്ച് ആദ്യ മണിക്കൂറില്‍ തന്നെ മികച്ച പ്രതികരണം. ഇറ്റ്ഫോക്കില്‍ ആദ്യദിവസം അരങ്ങേറുന്ന ഉദ്ഘാടന നാടകമായ ഫ്രാങ്കസ്റ്റീന്‍ പ്രൊജക്ടിൻ്റെ മുഴുവന്‍ ഓണ്‍ലൈന്‍ ടിക്കറ്റുകളും ആദ്യമണിക്കൂറില്‍തന്നെ തീര്‍ന്നു. ഈ നാടകത്തിൻ്റെ രണ്ടാംദിനത്തിലെ രണ്ട് അവതരണത്തിൻ്റെയും മുഴുവന്‍ ഓണ്‍ലൈന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നിട്ടുണ്ട്. അര്‍ജെന്റീനയില്‍ നിന്നുള്ള ലൂസിയാനോ മന്‍സൗര്‍ കമ്പനിയുടെ 60 മിനുട്ട് ദൈര്‍ഘ്യമുള്ള നാടകമാണ് ഫ്രാങ്കസ്റ്റീന്‍ പ്രൊജക്ട്. ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കാത്തവർക്ക് നാടകോത്സവദിനങ്ങളില് അക്കാദമി കോമ്പൗണ്ടില്‍ സജ്ജമാക്കുന്ന ടിക്കറ്റ് കൗണ്ടറില്‍ നിന്നും ഈ നാടകം അടക്കമുള്ള എല്ലാനാടകങ്ങളുടെയും ഓഫ്ലൈന് ടിക്കറ്റുകള്‍ ലഭിക്കും. അതത് നാടകം അരങ്ങേറുന്ന ദിവസം രാവിലെ ഒന്‍പതിനും നാടകം ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പും കൗണ്ടറില്‍ നിന്നും ഓഫ്ലൈനായി ടിക്കറ്റ് നാടകസ്വാദകര്ക്ക് വാങ്ങാനുള്ള സൗകര്യവുമാണ് അക്കാദമി ഒരുക്കിയിട്ടുള്ളത്.
അന്തര്‍ദേശീയ വിഭാഗത്തില്‍ സ്പെയിനില്‍ നിന്നുള്ള കാര്‍ലിക് ഡാന്‍സ തിയേറ്ററിൻ്റെ ലൂസിയ ജോയ്സ്- എ സ്മോള്‍ ഡ്രാമ ഇന്‍ മോഷന്‍, സ്ലോവാക്കിയയില്‍ നിന്നുള്ള ഡെബ്രിസ് തിയേറ്റര്‍ കമ്പനിയുടെ വൗ, ജപ്പാനിലെ കൈമാകു പെനന്റ് റേസ് തിയേറ്റര്‍ കമ്പനിയുടെ ഹാംലറ്റ് ടോയ്ലറ്റ് എന്നീ നാടകങ്ങളുടെ ടിക്കറ്റുകളും ആദ്യ മണിക്കൂറില്‍ തന്നെ വിറ്റുതീര്‍ന്നു. ദേശീയ വിഭാഗത്തില്‍ മുംബൈയില്‍ നിന്നുള്ള ജ്യോതി ദോഗ്രയുടെ മെസോക് എന്ന നാടകത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റുകളും ആദ്യമണിക്കൂറില്‍ തന്നെ തീര്‍ന്നു
ഇറ്റ്ഫോക്കില്‍ അരങ്ങേറുന്ന അഞ്ച് മലയാളം നാടകങ്ങളില്‍ മൂന്ന് മലയാളം നാടകങ്ങളുടെ ഓണ്‍ലൈന്‍ ടിക്കറ്റുകളും ആദ്യ മണിക്കൂറില്‍ തന്നെ വിറ്റുതീര്‍ന്നു.ആലപ്പുഴ മരുതം തിയേറ്റര്‍ ഗ്രൂപ്പിന്റെ മാടന്‍മോക്ഷം,പാലക്കാട് അത്ലറ്റ് കായിക നാടകവേദിയുടെ നന്മയില് ജോണ്‍ ക്വിക്സോട്ട്, പത്തനംത്തിട്ട സ്കെയില്‍ മീഡിയയുടെ സ്ക്രീമര്‍ എന്നീ നാടകങ്ങളുടെ ഓണ്‍ലൈന്‍ ടിക്കറ്റുകളുമാണ് ആദ്യ മണിക്കൂറില്‍ വിറ്റുതീര്‍ന്നത്.
ഇറ്റ്ഫോക്ക് പതിനാറാമത് പതിപ്പിൻ്റെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിക്കുന്നതെന്ന് അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി പറഞ്ഞു. ബുക്കിങ്ങ് ആരംഭിച്ച് ആദ്യമണിക്കൂറില്‍ തന്നെ 23 നാടകങ്ങളില്‍ എട്ട് നാടകങ്ങളുടെ മുഴുവന്‍ ഓണ്‍ലൈന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു.വിദേശികളടക്കം നിരവധി പേരാണ് ഓണ്‍ലൈന്‍ വഴി ടിക്കറ്റെടുത്തിരിക്കുന്നത്.
എങ്ങനെ ഓൺലൈനായി ടിക്കറ്റ് എടുക്കാം
https://theatrefestivalkerala.com എന്ന വെബ്സൈറ്റ് വഴിയാണ് ടിക്കറ്റ് ഓൺലൈനായി ബുക്ക് ചെയ്യേണ്ടത്. 90 രൂപയാണ് ടിക്കറ്റ് വില. ഒരാള്‍ക്ക് ഒരു നാടകത്തിൻ്റെ രണ്ട് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.മെബൈല്‍ നമ്പര്‍ നല്കി ലോഗിന്‍ ചെയ്ത് ഇഷ്ടമുള്ള നാടകങ്ങള്‍ തിരഞ്ഞെടുത്ത് ഓണ്‍ലൈനായി പണം അടച്ച് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കും.പണം അടച്ചുകഴിഞ്ഞാല്‍ ടിക്കറ്റ് വാട്സ്ആപ്പ്,മെയില്‍ വഴി ലഭിക്കും.വെബ്സൈറ്റിലെ തിരക്ക് കാരണം പണം ഡെബിറ്റായിട്ടും ടിക്കറ്റ് കണ്‍ഫേം ആകാതെ വന്നാല്‍,ആ തുക നിശ്ചിത ദിവസത്തിനുള്ളില്‍ ഉപഭോക്താവിൻ്റെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.നിശ്ചിത ശതമാനം ടിക്കറ്റുകളാണ് ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്യാന്‍ സാധിക്കുക.ഓണ്‍ലൈന്‍ ടിക്കറ്റ് എടുത്തവര്‍ക്ക് ടിക്കറ്റിൻ്റെ ക്യൂ.ആര് കോഡ് സ്കാന്‍ ചെയ്ത് നാടകം കാണാന്‍ പ്രവേശിക്കാം
എങ്ങനെ ടിക്കറ്റ് ഓഫ് ലൈനായി എടുക്കാം
ഇറ്റ്ഫോക്കിലെ നാടകങ്ങള്‍ കാണുന്നതിന് ടിക്കറ്റുകള്‍ ഓഫ്ലൈനായും എടുക്കാം. നാടകകോത്സവ ദിനങ്ങളിൽ അതത് ദിവസത്തെ നാടകത്തിൻ്റെ ടിക്കറ്റ് അക്കാദമി അങ്കണത്തില്‍ സജ്ജമാക്കുന്ന കൗണ്ടറില്‍ നിന്നും അതത് ദിവസം രാവിലെ ഒന്‍പതിനും നാടകം ആരംഭിക്കുന്നതിന് ഒരുമണിക്കൂര്‍ മുന്‍പും ലഭിക്കും.നിശ്ചിത ശതമാനം ടിക്കറ്റുകളാണ് ഓഫ്ലൈനായി വില്പന നടത്തുക.



