സഹകരണ പെൻഷൻ ബോർഡ് വാർഷിക മസ്റ്ററിങ് ആരംഭിച്ചു
കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡ് മുഖേന പെൻഷൻ കൈപ്പറ്റുന്നവർക്കുള്ള 2026-ലെ വാർഷിക മസ്റ്ററിങ് നടപടികൾ ആരംഭിച്ചു. അക്ഷയ കേന്ദ്രങ്ങൾ വഴി ‘ജീവൻരേഖ’ പോർട്ടലിലൂടെ ബയോമെട്രിക് രീതിയിലാണ് മസ്റ്ററിങ് നടത്തേണ്ടത്. സെപ്റ്റംബർ 30 വരെ മസ്റ്ററിങ് നടത്താമെന്ന് പെൻഷൻ ബോർഡ് അഡീഷണൽ രജിസ്ട്രാർ/സെക്രട്ടറി അറിയിച്ചു. പ്രാഥമിക സഹകരണ സംഘങ്ങൾ, കേരള ബാങ്ക്, സഹകരണേതര വകുപ്പുകളിലെ സഹകരണ സംഘങ്ങൾ എന്നിവയിൽ നിന്നും വിരമിച്ച പെൻഷൻകാർ, കുടുംബ പെൻഷൻ വാങ്ങുന്നവർ, ആശ്വാസ്-സമാശ്വാസ് പദ്ധതി പ്രകാരം പെൻഷൻ ലഭിക്കുന്നവർ, കയർ സ്പെഷ്യൽ സ്കീം വഴി പെൻഷൻ കൈപ്പറ്റുന്നവർ എന്നിവർ മസ്റ്ററിങ് പൂർത്തിയാക്കണം. 2026 ജനുവരിക്ക് മുൻപ് പെൻഷൻ ലഭിച്ചു തുടങ്ങിയ എല്ലാവർക്കും മസ്റ്ററിങ് ബാധകമാണ്. നിശ്ചിത സമയപരിധിയ്ക്കകം മസ്റ്ററിങ് പൂർത്തിയാക്കാത്തവർക്ക് നവംബർ മുതൽ പെൻഷൻ തുക വിതരണം ചെയ്യുന്നത് തടസ്സപ്പെടുമെന്നും ബോർഡ് അറിയിച്ചു.



