KUWAITMIDDLE EAST

ഒ ഐ സി സി കുവൈറ്റ് പുനഃസംഘടന നടപടികൾ ആരംഭിച്ചു

കുവൈറ്റ് : കുവൈറ്റ് ഒഐസിസി -യുടെ ജില്ലാ/ നാഷണൽ കമ്മിറ്റികളുടെ പുനഃസംഘടന രണ്ടു മാസത്തിനകം പൂർത്തീകരിക്കുമെന്ന് കെപിസിസി ജന. സെക്രട്ടറി അഡ്വ. ബി. എ. അബ്ദുൽ മുത്തലിബ് കുവൈറ്റിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കുവൈറ്റ് ഓഐസിസി യുടെ സംഘടനാപരമായ പ്രവർത്തനങ്ങളുടെ വിലയിരുത്തലിനും ജില്ലാ/ നാഷണൽ കമ്മിറ്റികളുടെ പുനഃസംഘടന സംബന്ധിച്ച നടപടിക്രമങ്ങൾ ആരംഭിക്കുന്നതിനും വേണ്ടിയാണ് അഡ്വ. അബ്ദുൽ മുത്തലിബ് കുവൈറ്റിൽ എത്തിയത്. ഒഐസിസി നാഷണൽ കമ്മിറ്റിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം അദ്ദേഹം നിലവിലുള്ള 14 ജില്ലാ കമ്മിറ്റി ഭാരവാഹികളുമായും പ്രത്യേകം കൂടിക്കാഴ്ച നടത്തി. ഒഐസിസിയുടെ കുവൈറ്റിലെ സംഘടനാ പ്രവർത്തനം വളരെ ചിട്ടയോടെ ആണ് നടക്കുന്നതെന്ന് മനസിലാക്കാൻ സാധിച്ചതായി അദ്ധേഹം അറിയിച്ചു. ഒ ഐ സി സി ഭാരവാഹികളാവുന്നവർ മറ്റു സംഘടനകളിൽ മുഖ്യ പദവികൾ വഹിക്കുന്നത് അനുവദിക്കില്ലെന്ന കെപിസിസി യുടെ പ്രഖ്യാപിത നിലപാട് കുവൈറ്റിലും പൂർണ്ണമായി നടപ്പാക്കുമെന്ന് അദ്ധ്യേഹം അറിയിച്ചു.
പ്രവാസികളുടെ വർത്തമാനകാല പ്രശ്നങ്ങൾ ചർച്ച ചെയ്യാനും പരിഹാരം കണ്ടെത്താനും കേരളത്തിൽ വിപുലമായ പ്രവാസി സംഗമം സംഘടിപ്പിക്കുമെന്ന് അഡ്വ. അബ്ദുൽ മുത്തലിബ് അറിയിച്ചു. മൂന്നു ലോക കേരള സഭാ മാമാങ്കങ്ങൾ നടത്തിയിട്ടും പ്രഥമ ലോക കേരള സഭ മുതൽ ഉന്നയിക്കപെടുന്ന ഒരു പ്രശ്നത്തിന് പോലും പരിഹാരം കണ്ടെത്താൻ ഭരണത്തിൽ ഇരിക്കുന്ന സർക്കാർ ശ്രമം നടത്തിയിട്ടില്ലെന്ന വസ്തുത മുന്നിൽ നിൽക്കുന്നതാണന്നും അതിനാൽ തന്നെ ലോകമെങ്ങുമുള്ള പ്രവാസികളുടെ വർത്തമാനകാല പ്രശ്നങ്ങൾ മനസ്സിലാക്കി അവക്ക് പ്രവാസിസമൂഹത്തിന്റെ അംഗീകാരത്തോടെയുള്ള പരിഹാര നിർദ്ദേശങ്ങൾ ചർച്ച ചെയ്യുകയുമാണ് പ്രസ്തുത പ്രവാസി സംഗമം കൊണ്ട് ഉദ്ദേശിക്കുന്നത് അഡ്വ. അബ്ദുൽ മുത്തലിബ് വിശദീകരിച്ചു. ആത്മാഭിമാനമുള്ള സഖാക്കൾ ഇത്തവണ എൽ ഡി എഫിന് വോട്ട് ചെയ്യാത്തത് കൊണ്ടാണ് പോളിങ് ശതമാനം കുറഞ്ഞതിന് കാരണമെന്നും ഇതടക്കമുള്ള നിരവധി കാരണങ്ങളാൽ 20 സീറ്റുകളും യു ഡി എഫ് നേടുമെന്ന് ചോദ്യത്തിന് മറുപടിയായി അദ്ധ്യേഹം അഭിപ്രായപ്പെട്ടു. കെപിസിസി ജന. സെക്രട്ടറി അഡ്വ. ബി എ അബ്ദുൽ മുത്തലിബ്, ഒഐസിസി കുവൈറ്റ് നാഷണൽ പ്രസിഡന്റ് വർഗീസ് പുതുകുളങ്ങര, സംഘടനാ ചുമതലയുള്ള ജന. സെക്രട്ടറി ബി എസ് പിള്ള എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.