യുവാക്കൾക്ക് സർക്കാർ വിവിധങ്ങളായ തൊഴിലവസരങ്ങൾ ഒരുക്കി: മന്ത്രി ഡോ. ആർ ബിന്ദു
തൊഴിൽ പൂരം ഉദ്ഘാടനം ചെയ്തു
ദേശീയവും അന്തർദേശീയവുമായ തൊഴിലവസരങ്ങളെ ആത്മവിശ്വാസത്തോടെ ഉപയോഗപ്പെടുത്താൻ ഉദ്യോഗാർത്ഥികളെ ഒരുക്കുന്നതിന് നിരവധി ക്രമീകരണങ്ങളാണ് സർക്കാർ നടത്തിവരുന്നതെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. സംസ്ഥാന സർക്കാരിൻ്റെ വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി തൃശ്ശൂർ കോർപ്പറേഷന്റെ നേതൃത്വത്തിൽ നടത്തുന്ന തൊഴിൽ പൂരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഇതിനകം ഏഴര ലക്ഷം ഉദ്യോഗാർത്ഥികൾക്കാണ് പുതിയതായി തൊഴിൽ നൽകാൻ കഴിഞ്ഞത്. നവവൈജ്ഞാനിക മേഖലയിൽ ഉൾപ്പെടെ പരിശീലനം നൽകി ഉദ്യോഗാർത്ഥികൾക്ക് വ്യത്യസ്ത മേഖലകളിൽ ജോലി ലഭിക്കുന്നതിന് സഹായകരമായ ഇടപെടലാണ് കേരള നോളജ് ഇക്കോണമി മിഷൻ്റെയും കെ-ഡിസ്കിൻ്റെയും മുൻകയ്യോടെ സംസ്ഥാനത്ത് നടന്നുവരുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
സംരംഭകത്വ താല്പര്യങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നതും സർക്കാർ സജീവമായി ഏറ്റെടുത്ത ദൗത്യമാണ്. തൊഴിലന്വേഷകർ എന്ന നിലയിൽ നിന്ന് തൊഴിൽ ദായകരായും യുവ ജനങ്ങൾക്ക് മാറാൻ സാധിക്കും. നൂതനമായ ആശയങ്ങൾ മുന്നോട്ടുവെച്ചാൽ യങ്ങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാമിലൂടെ സാമ്പത്തിക പിന്തുണയും മെന്ററിങ്ങും ലഭിക്കും. കേരള സ്റ്റാർട്ട് അപ്പ് മിഷൻ ഇന്ന് ലോകത്തിന്റെ തന്നെ ശ്രദ്ധയാകർഷിച്ചിട്ടുള്ള സ്റ്റാർട്ട് അപ്പ് പ്രോത്സാഹന സംവിധാനമായി മാറിയിരിക്കുകയാണ്. വിജ്ഞാനകേരളം പദ്ധതിയിലൂടെ കേരളത്തിലെ മുഴുവൻ തൊഴിലന്വേഷകർക്കും തൊഴിലവസരങ്ങളിലേക്ക് ആത്മവിശ്വാസത്തോടെ കടന്നുചെല്ലാൻ അവസരമെരുങ്ങുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കാൽഡിയൻ സിറിയൻ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മേയർ എം കെ വർഗീസ് അധ്യക്ഷത വഹിച്ചു. കില ഡയറക്ടർ ജനറൽ എ നിസാമുദ്ദീൻ തൊഴിലവസരങ്ങൾ എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിനെ കുറിച്ച് സംസാരിച്ചു. സംസ്ഥാന പ്ലാനിങ് ബോർഡ് മെമ്പർ ഡോ. ജിജു പി. അലക്സ്, ഡെപ്യൂട്ടി മേയർ എം എൽ റോസി എന്നിവർ വിശിഷ്ടാതിഥിയായി. വ്യവസായ വികസന ഓഫീസർ ഡോ ഇജാസ് അഹമ്മദ് റിപ്പോർട്ട് അവതരിപ്പിച്ചു. 75 ഓളം സ്ഥാപനങ്ങളിലേക്ക് കാൽ ലക്ഷം തൊഴിലവസരങ്ങളാണ് മേളയിൽ ഉദ്യോഗാർത്ഥികൾക്കായി ഒരുക്കിയിട്ടുള്ളത്. രണ്ടുദിവസങ്ങളിലായാണ് (26,27-മെയ് ) മേള നടക്കുക.
വിജ്ഞാനകേരളം തൃശൂർ ജില്ലാ മിഷൻ കോർഡിനേറ്റർ കെ വി ജ്യോതിഷ് കുമാർ, തൃശ്ശൂർ കോർപ്പറേഷൻ സെക്രട്ടറി വി.പി ഷിബു, അഡീഷണൽ സെക്രട്ടറി എൻ കെ ഹരീഷ്, ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.



