THRISSUR

ഉരുളിക്കുന്ന് അങ്കണവാടി നാടിന് സമര്‍പ്പിച്ചു

നല്ല തലമുറയെ വാര്‍ത്തെടുക്കുന്നതോടൊപ്പം സാമൂഹ്യ സേവന, സംരക്ഷണം കൂടി അങ്കണവാടികളുടെ മുഖമുദ്രയാക്കണമെന്ന് കെ.രാധാകൃഷ്ണന്‍ എം.പി. കുന്നംകുളം നഗരസഭ 12-ാം വാര്‍ഡ് ഉരുളിക്കുന്നിലെ 87-ാം നമ്പര്‍ അങ്കണവാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു എം.പി. കുഞ്ഞുങ്ങളുടെ പഠനത്തോടൊപ്പം അവരുടെ സംരക്ഷണവും ജീവനക്കാര്‍ ഉറപ്പുവരുത്തണം. അടിസ്ഥാന സൗകര്യങ്ങൾ നല്ലരീതിയില്‍ ഉപയോഗപ്പെടുത്തിയുള്ള പഠനമാണ് ഉണ്ടാക്കിയെടുക്കേണ്ടത്. പെണ്‍കുട്ടികള്‍, ഗര്‍ഭിണികള്‍, അമ്മമ്മാര്‍ എന്നിവര്‍ക്കെല്ലാം അങ്കണവാടികള്‍ സംരക്ഷണം നല്‍കുന്നുണ്ടെന്നത് ശ്ലാഘനീയമാണ്. ഇത് ഇനിയും വിപുലപ്പെടുത്തുന്നതിനു വേണ്ട പരിശ്രമങ്ങള്‍ ഉണ്ടാക്കുകയാണ് ലക്ഷ്യം. അങ്കണവാടികള്‍ നാടിന്റെ വലിയൊരു സമ്പത്താവണമെന്നും എം.പി കൂട്ടിച്ചേര്‍ത്തു.നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. എ.സി മൊയ്തീന്‍ എം.എല്‍.എ മുഖ്യാതിഥിയായി. അടിസ്ഥാന സൗകര്യങ്ങൾ, പൊതുകിണര്‍ നവീകരണം എന്നിവയടക്കം 19 ലക്ഷം രൂപ ചെലവഴിച്ചാണ് അങ്കണവാടി നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്.

സ്ഥിരം സമിതി അധ്യക്ഷന്മാരായ സജിനി പ്രേമന്‍, ടി. സോമശേഖരന്‍, പ്രിയ സജീഷ്, പി.കെ ഷെബീര്‍, കൌണ്‍സിലര്‍ കെ.കെ മുരളി, അങ്കണവാടിക്ക് സ്ഥലം വിട്ടുനല്‍കിയ ജബ്ബാര്‍ മംഗലത്തയില്‍, മലങ്കര ആശുപത്രി സെക്രട്ടറി കെ.പി സാക്സണ്‍, മുനിസിപ്പല്‍ എന്‍ജിനീയര്‍ ബിനയ്ബോസ്, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ സിനു അബാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വാര്‍ഡ് കൗൺസിലർ ബിനുപ്രസാദ് സ്വാഗതവും അങ്കണവാടി അധ്യാപിക വി.ബി ബിന്ദു നന്ദിയും പറഞ്ഞു.