THRISSUR

വിവിധ ജില്ലകളിലെ സ്മാർട്ട് വില്ലേജ് ഓഫിസുകളുടെ നിർമ്മാണോദ്ഘാടനം നാളെ (20/06/2025)

സംസ്ഥാനത്തെ വിവിധ ജില്ലകളിലെ സ്‌മാർട്ട് വില്ലേജ്‌ ഓഫീസുകളുടെ നിർമ്മാണോദ്ഘാടനം നാളെ (ജൂൺ 20) റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ നിർവ്വഹിക്കും. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ എടതിരിഞ്ഞി സ്‌മാർട്ട് വില്ലേജ് ഓഫീസിൻ്റെ നിർമാണോദ്ഘാടനവും മന്ത്രി കെ രാജൻ നിർവഹിക്കും. എടതിരിഞ്ഞി എച്ച് ഡി പി സമാജം ഹാളിൽ ഉച്ചതിരിഞ്ഞ് 2:30 ന് നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിക്കും . കേന്ദ്ര പെട്രോളിയം, പ്രകൃതിവാതകം, ടൂറിസം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി. എസ് പ്രിൻസ് തുടങ്ങിയവർ വിശിഷ്ടാതിഥികളാകും. പൊതുമരാമത്ത് ‌വകുപ്പ് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ടി. കെ സന്തോഷ് കുമാർ റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ, സബ് കളക്ടർ അഖിൽ വി മേനോൻ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. റവന്യൂ വകുപ്പിൻ്റെ പ്ലാൻ സ്‌കീം അടക്കമുള്ള പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം നടത്തുന്നത്.

വടക്കുംകര സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘാടനം മന്ത്രി അഡ്വ. കെ രാജൻ നിർവഹിക്കും. നാളെ (ജൂൺ 20) ഉച്ചതിരിഞ്ഞ് മൂന്നിന് വെള്ളാങ്ങല്ലൂർ ഗവ. ആയുർവ്വേദ ഡിസ്പെൻസറി ഹാളിൽ നടക്കുന്ന നിർമ്മാണോദ്ഘാടനത്തിൽ അഡ്വ. വി. ആർ സുനികുമാർ എം എൽ എ അധ്യക്ഷത വഹിക്കും. ബെന്നി ബെഹന്നാൻ എം പി മുഖ്യാതിഥിയാകും. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് വി.എസ് പ്രിൻസ്, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുധ ദിലീപ്, വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിഷ ഷാജി തുടങ്ങിയവർ വിശിഷ്ടാതിഥികളാകും. കേരള സർക്കാരിൻ്റെ പ്ലാൻ സ്‌കീം 2020-21 പദ്ധതിയിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്.

ഇരിങ്ങാലക്കുട സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിൻ്റെയും തൊട്ടിപ്പാൾ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിൻ്റെയും ഉദ്ഘാടനം നാളെ (20/6/25) വൈകീട്ട് നാലിന് മന്ത്രി കെ രാജൻ നിർവഹിക്കും. ഇരിങ്ങാലക്കുട രാജീവ് ​ഗാന്ധി മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കുന്ന ഇരിങ്ങാലക്കുട സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടോദ്ഘാടനത്തിൽ മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷത വഹിക്കും. കേന്ദ്ര പെട്രോളിയം, പ്രകൃതിവാതകം, ടൂറിസം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി. എസ് പ്രിൻസ്, ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റി ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് തുടങ്ങിയവർ വിശിഷ്ടാതിഥികളാകും. സർക്കാരിൻ്റെ 2021 – 22 പ്ലാൻ സ്കീമിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്.

ഉച്ചയ്ക്ക് 12 ന് തൊട്ടിപ്പാൾ കർഷകസമാജം യു.പി. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന തൊട്ടിപ്പാൾ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിൻ്റെ ഉദ്ഘാടനത്തിൽ കെ.കെ. രാമചന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും . കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപി മുഖ്യാതിഥിയായി പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ്. പ്രിൻസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലതാ ചന്ദ്രൻ, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിതാ ബാലൻ, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ. അനൂപ് തുടങ്ങിയവർ വിശിഷ്‌ടാതിഥികളാകും. സർക്കാരിൻ്റെ 2021 – 22 പ്ലാൻ സ്കീമിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്.