KUWAITMIDDLE EAST

കുവൈറ്റിൽ 11-ആം അന്താരാഷ്ട്ര യോഗദിനം ആഘോഷിച്ചു.

കുവൈറ്റ് : അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് കുവൈറ്റിൽ ഇന്ത്യൻ എംബസി “മെഗാ യോഗ സെഷൻ” സംഘടിപ്പിച്ചു. സാൽമിയയിലെ ബുലവാഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ചാണ് പരിപാടി നടന്നത്. ഇന്ത്യൻ കൗൺസിൽ ഓഫ് കൾച്ചറൽ റിലേഷൻസ് (ICCR), ആയുഷ് മന്ത്രാലയം, ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ (OCA) എന്നിവയുടെ സഹകരണത്തോടെയാണ് ചടങ്ങ് സംഘടിപ്പിച്ചത്.
“ഭൂമിക്ക് വേണ്ടി, ആരോഗ്യത്തിന് വേണ്ടി യോഗ” എന്ന ആശയത്തിൽ ആണ് 11-ആം അന്താരാഷ്ട്ര യോഗദിനം ആഘോഷിക്കുന്നത് . ആരോഗ്യവും പരിസ്ഥിതിയും തമ്മിലുള്ള ബന്ധം ഉദ്‌ഘോഷിക്കുന്ന ഈ സന്ദേശം ഇന്ത്യയുടെ G20 അദ്ധ്യക്ഷ സമയത്തെ “ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി” എന്ന ദർശനവുമായി ചേർന്ന് നിൽക്കുന്നു.

ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈക നിത്യ ജീവിതത്തിൽ യോഗയുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു പരിപാടിയിൽ പങ്കെടുത്തവർക്കുള്ള നന്ദിയും അദ്ദേഹം രേഖപ്പെടുത്തി. ഒ.സി.എ ഡയറക്ടർ ജനറൽ ഹുസൈൻ അൽ മുസല്ലം ‘യോഗ’ ഒരു അംഗീകൃത കായിക ഇനമാണെന്ന് വിവരിച്ചു. സമ്മേളനത്തിൽ പത്മശ്രീ ആചാര്യ എച്ച്.ആർ. നാഗേന്ദ്ര, കുവൈറ്റിൽ യോഗ പ്രചാരണത്തിൽ പ്രധാന പങ്ക് വഹിക്കുന്ന രാജകുടുംബാംഗവും പത്മശ്രീ ബഹുമതിയുള്ള ഷൈഖ ഷൈഖ അ ജെ അൽ സബാഹ് എന്നിവർ സന്നിഹിതരായിരുന്നു.

യോഗ ദിനാഘോഷത്തിന്റെ ഭാഗമായി കോമൺ യോഗ പ്രോട്ടോക്കോൾ അവതരിപ്പിച്ചു. വിദേശ നയതന്ത്രജ്ഞർ, സ്കൂളുകളിലെയും കോളേജുകളിലെയും വിദ്യാർത്ഥികൾ, ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങൾ, യോഗ പ്രേമികൾ തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നുമുള്ള 1500-ലധികം ആളുകൾ പരിപാടിയിൽ പങ്കെടുത്തു. ആദ്യമായി പൊതു വേദിയിൽ സംഘടിപ്പിക്കപ്പെട്ട അന്താരാഷ്ട്ര യോഗ ദിനാഘോഷത്തിന് കുവൈറ്റിൽ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.