കേരള രാജ്യാന്തര ചലച്ചിത്രമേള; രണ്ടു മലയാള ചിത്രങ്ങൾ;ഫാമിലി, തടവ്
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 28-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള 2023 ഡിസംബർ 8 മുതൽ 15 വരെ മേള തിരുവനന്തപുരത്ത് നടക്കും.മേളയുടെ മത്സര വിഭാഗത്തിലേയ്ക്ക് മലയാളത്തിൽ നിന്നും ഡോൺ പാലത്തറയുടെ ഫാമിലി, ഫാസിൽ റസാഖിന്റെ തടവ് എന്നീ സിനിമകൾ തെരഞ്ഞെടുത്തു.
സംവിധായകന് വി.എം. വിനു ചെയർമാനും കൃഷ്ണേന്ദു കലേഷ്, താരാ രാമാനുജൻ, ഒ.പി. സുരേഷ്, അരുൺ ചെറുകാവിൽ എന്നിവർ അംഗങ്ങളുമായ സമിതിയാണ് മലയാളം സിനിമകൾ തെരഞ്ഞെടുത്തത്.
അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിൽ ‘തടവ്’ മത്സരവിഭാഗത്തിലുണ്ട്. പുതുമുഖങ്ങളായ ബീന ആർ. ചന്ദ്രൻ, സുബ്രഹ്മണ്യൻ, അനിത എം.എൻ., വാപ്പു, ഇസ്ഹാക്ക് മുസാഫിർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. നാൽപത്തിലധികം പുതുമുഖങ്ങൾ അഭിനയിച്ച ഈ ചിത്രം പൂർണ്ണമായും ചിത്രീകരിച്ചത് പാലക്കാട് പട്ടാമ്പിക്കടുത്തുള്ള പ്രദേശങ്ങളിലാണ്.
ഡോൺ പാലത്തറയുടെ ‘ഫാമിലി’യിൽ വിനയ് ഫോർട്ട് നായകനാവുന്നു. നിൽജ കെ. ബേബി, മാത്യു തോമസ്, ദിവ്യ പ്രഭ, ആഭിജ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.