കുവൈറ്റ് മെൻസ് വോയ്സ് & കോറൽ സൊസൈറ്റിയുടെ രജതജൂബിലി ആഘോഷം കേരളത്തിൽ

കോട്ടയം : കുവൈറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മെൻസ് വോയ്സ് & കോറൽ സൊസൈറ്റി (MVCSK) രജതജൂബിലിയുടെ ഭാഗമായി ത്രിദിന ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. ജൂലൈ 11, 12, 13 തീയതികളിൽ കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ ആണ് പരിപാടികൾ നടക്കുക.
2001-ൽ ക്വയർമാസ്റ്റർ സണ്ണി മാലിയിലിന്റെ നേതൃത്വത്തിൽ സാജൻ കല്ലുപാലത്തിന്റെയും Dr. സൈമൺ ഈശോയുടെയും സാന്നിധ്യത്തിൽ രൂപം കൊണ്ട MVCSK, കഴിഞ്ഞ 24 വർഷത്തിനിടയിൽ ഹാർമണി സംഗീതത്തിൽ ശ്രദ്ധേയമായ സംഭാവനകളാണ് നൽകിയത്. 250-ലധികം ഗായകർക്ക് പരിശീലനവും പ്രകടനത്തിനുള്ള വേദിയുമായി മാറി മെൻസ് വോയ്സ് & കോറൽ സൊസൈറ്റി.
പ്രധാന പരിപാടികൾ
ജൂലൈ 11 – Voice of Wisdom (കോട്ടയം)
ഉച്ചയ്ക്ക് 1.30 മുതൽ C.M.S. കോളേജ് ചാപ്പലിൽ വൈദ്യവൃത്തിയിലുള്ള 50 സീനിയർ കോറിസ്റ്റർമാരെ ആദരിക്കുന്ന ‘Voice of Wisdom’ എന്ന പ്രത്യേക സമ്മേളനത്തോടെ പരിപാടികൾക്ക് തുടക്കമാകുന്നു.
ജൂലൈ 12 – Sing Hallelujah ഗാനസന്ധ്യ (തിരുവല്ല)
വൈകിട്ട് 5.30 മുതൽ ഡോ. അലക്സാണ്ടർ മാർത്തോമാ മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ വലിയ സംഗീത ശില്പം ഒരുക്കുന്നു. ജെറി അമൽദേവ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന പരിപാടിയിൽ MVCSKയുടെ 90 അംഗ സംഘത്തിനൊപ്പം തിരുവല്ല യൂത്ത് കോറസ്, മെയിൽ വോയ്സസ്, ചെങ്ങന്നൂർ ഹെറാൾഡ്സ്, കുമ്പനാട് പ്രൊവിഡൻസ് മിഷൻ വോയ്സ് തുടങ്ങി കേരളത്തിലെ പ്രമുഖ കോറൽ സംഘങ്ങൾ ഗാനങ്ങൾ അവതരിപ്പിക്കും. 250-ലധികം ഗായകരുടെ മാസ്സ് ക്വയർ നേതൃത്വത്തിൽ ‘Sing Hallelujah’ എന്ന സംഗീത വിരുന്ന് നടക്കും
ജൂലൈ 13 – കുടുംബ സംഗമം (ചെങ്ങന്നൂർ)
രാവിലെ 11 മണിക്ക് തരംഗം മിഷൻ സെന്ററിൽ മെൻസ് വോയ്സ് കുവൈറ്റ്-കേരള ചാപ്റ്ററുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന കുടുംബസംഗമം നടക്കും. ഗ്ലോബൽ മീറ്റിന്റെ ഭാഗമായി അമേരിക്ക, കാനഡ, യൂകെ, അയർലണ്ട്, ഓസ്ട്രേലിയ, യു.എ.ഇ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.
പരിപാടികൾക്ക് നേതൃത്തം നൽകുന്നത് ജനറൽ കൺവീനർ ഇട്ടി മാമ്മനും, കുവൈറ്റ് കോർഡിനേറ്റർ തോമസ് തോമസും ഉൾപ്പെടുന്ന 25 അംഗ സംഘാടക സമിതിയാണ്.



