THRISSUR

തളിക്കുളം ബ്ലോക്കിൽ മത്സ്യകർഷക ദിനാചരണവും അവാർഡ് ദാനവും നടത്തി

ദേശീയ മത്സ്യ കർഷക ദിനാചരണത്തോടനുബന്ധിച്ച് ഫിഷറീസ് വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ തളിക്കുളം ബ്ലോക്ക്‌ പഞ്ചായത്തിൽ മത്സ്യകർഷക ദിനാചരണവും മികച്ച മത്സ്യ കർഷകർക്കായുള്ള അവാർഡ്ദാന ചടങ്ങും സംഘടിപ്പിച്ചു. തളിക്കുളം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട് കെ.സി പ്രസാദ് ചടങ്ങ് ഉദ്‌ഘാടനം ചെയ്തു.

തളിക്കുളം ബ്ലോക്കിനു കീഴിൽ വരുന്ന വലപ്പാട്, നാട്ടിക, തളിക്കുളം, വാടാനപ്പള്ളി, എങ്ങണ്ടിയൂർ എന്നീ പഞ്ചായത്തുകളിൽ നിന്നും ശുദ്ധ ജല മത്സ്യകൃഷി, ഓരുജല മത്സ്യകൃഷി, അലങ്കാര മത്സ്യകൃഷി, നൂതന മത്സ്യകൃഷിരീതികളായ ബയോഫ്ലോക്, റീ-സർക്യൂലേറ്ററി അക്വാക്കൾച്ചർ സിസ്റ്റം, മത്സ്യകൂടുകൃഷി എന്നീ മത്സ്യകൃഷി രീതികൾ മാതൃകാപരമായി സ്വീകരിച്ച് വരുന്ന പതിനഞ്ച് മത്സ്യ കർഷകർക്കാണ് അവാർഡ് നൽകിയത്. മത്സ്യകൃഷിയിൽ മികച്ച നേട്ടം കൈവരിച്ചതിന് ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തിനെ ബ്ലോക്ക്‌ തലത്തിൽ മികച്ച പഞ്ചായത്ത്‌ ആയി പ്രഖ്യാപിച്ചു. ചടങ്ങിനോടനുബന്ധിച്ച് നാട്ടിക ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അശ്വിൻ രാജ് മത്സ്യകർഷകർക്കായി വിവിധ പദ്ധതികളെക്കുറിച്ച് ക്ലാസ് നൽകി. ചടങ്ങിൽ വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട് ശാന്തി ഭാസി അധ്യക്ഷത വഹിച്ചു. വലപ്പാട് ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് വി.ആർ ജിത്ത്, അക്വാക്കൾച്ചർ പ്രൊമോട്ടർ കൃഷ്ണ പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.