THRISSUR

എറിയാട് പഞ്ചായത്തിലെ 74 ഭവനങ്ങളുടെ താക്കോൽ ദാനംമന്ത്രി എം ബി രാജേഷ് നിർവഹിച്ചു

സംസ്ഥാന സർക്കാരിൻ്റെ സ്വപ്‌ന പദ്ധതിയായ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച 74 ഭവനങ്ങളുടെ താക്കോൽദാന ചടങ്ങ് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം നിർവഹിച്ചു. എറിയാട് പഞ്ചായത്ത് പ്രസിഡണ്ട് കെ പി രാജൻ അധ്യക്ഷതവഹിച്ചു.

സംസ്ഥാന സർക്കാരിൻ്റെ ആകർഷണീയമായ പദ്ധതിയായ ലൈഫ് മിഷനിൽ സർക്കാർ ചെലവഴിച്ചത് 18,000 കോടി രൂപയിലധികമാണ് . അതിൽ 2050 കോടി രൂപ മാത്രമാണ് കേന്ദ്ര സർക്കാർ വിഹിതം, ബാക്കി മഹാ ഭൂരിപക്ഷവും സർക്കാർ വിഹിതം ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
കൗമാരക്കാരെ മറ്റു ലഹരി ഉൾപ്പെടെയുള്ള ബാഹ്യ പ്രേലോഭനങ്ങളിൽ നിന്ന് മുക്തരാക്കാൻ കളിസ്ഥലങ്ങൾ, ഓപ്പൺ ജിം പോലുള്ളവ സജീവമാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാന സർക്കാരിൻ്റെയും പഞ്ചായത്തിൻ്റെയും ഫണ്ടുകൾ ചെലവഴിച്ച് 342 ഭവനങ്ങളാണ് പഞ്ചായത്തിൽ നിർമിക്കുന്നത്. അതിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കായി നിർമ്മിച്ചിട്ടുള്ള 74 ഭവനങ്ങളുടെ താക്കോൽദാനമാണ് ചടങ്ങിൽ നിർവഹിച്ചത്. കൂടാതെ പഞ്ചായത്തിലെ വിവിധയിടങ്ങളിലായി നിർമ്മിച്ച ഓപ്പൺ ജിം, മുഹമ്മദ് അബ്ദുൽ റഹ്മാൻ സാഹിബ് സ്മാരക കളിസ്ഥലം, സാധാരണക്കാർക്ക് സൗജന്യമായി ഫിസിയോതെറാപ്പി സേവനം ലഭ്യമാക്കാൻ ഗവ. ആയുർവേദാശുപത്രിയിൽ നിർമ്മിച്ച ഫിസിയോതെറാപ്പി ലാബ് തുടങ്ങിയവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

ചടങ്ങിൽ മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഗിരിജ, എറിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി രാജൻ, എറിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫൗസിയ ഷാജഹാൻ, മതിലകം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. എ ഹഫ്സൽ, നാഷാദ് കറുകപാടത്ത്, എറിയാട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, വാർഡ് മെമ്പർമാർ, കുടുംബശ്രീ അംഗങ്ങൾ, ജനപ്രതിനിധികൾ, എന്നിവർ പങ്കെടുത്തു.