THRISSUR

ദുർബല വിഭാഗ പുനരധിവാസ പദ്ധതി: ആറ് വീടുകൾ പുനരുദ്ധാരണം നടത്തി സമര്‍പ്പിച്ചു

കുന്നംകുളം നഗരസഭയിലെ പട്ടികജാതി വികസന വകുപ്പിൻ്റെ ദുര്‍ബല വിഭാഗ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭയിലെ പട്ടികജാതി ദുര്‍ബല വിഭാഗങ്ങളായ വേടന്‍, നായാടി, കള്ളടിയാര്‍, ചക്ലിയാര്‍, അരുന്ധതിയാര്‍ തുടങ്ങിയ സമുദായങ്ങളിലെ തിരഞ്ഞെടുത്ത ആറുപേരുടെ വീടുകള്‍ പുനരുദ്ധാരണം നടത്തി സമര്‍പ്പിച്ചു. കാണിയാമ്പാല്‍ അംബേദ്കര്‍ കമ്മ്യൂണിറ്റിഹാളില്‍ നടന്ന ചടങ്ങ് ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

15 ലക്ഷം രൂപ വിനിയോഗിച്ച് 2.5 ലക്ഷം രൂപ വീതം ചെലവഴിച്ചാണ് ആറ് വീടുകളും പുനരുദ്ധാരണം ചെയ്തിട്ടുള്ളത്. ഒരു ലക്ഷത്തില്‍ കുറവ് വാര്‍ഷിക വരുമാനമുള്ളവരാണ് പദ്ധതിയിലെ ഗുണഭോക്താക്കള്‍.

വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.എം സുരേഷ് അധ്യക്ഷനായി. മറ്റ് സ്ഥിരം സമിതി അധ്യക്ഷന്മാരായ സജിനി പ്രേമന്‍, ടി. സോമശേഖരന്‍, പ്രിയ സജീഷ്, പി.കെ ഷെബീര്‍, വാര്‍ഡ് കൗണ്‍സിലര്‍ വി.കെ സുനില്‍കുമാര്‍, അര്‍ബന്‍ ബാങ്ക് പ്രസിഡണ്ട് കെ.എ അസീസ്, പദ്ധതി പ്രാദേശിക കമ്മറ്റി അംഗം ജിതിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. നഗരസഭാ പട്ടികജാതി വികസന ഓഫീസര്‍ എം.എന്‍ ബിന്ദു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.