THRISSUR

ഇരിങ്ങാലക്കുട നഗരസഭ കുടുംബശ്രീ സിഡിഎസ് ഒന്ന് വാർഷികാഘോഷം

ഇരിങ്ങാലക്കുട നഗരസഭ കുടുംബശ്രീ സിഡിഎസ് ഒന്നിൻ്റെ 27ാം വാർഷികാഘോഷം ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു നിർവഹിച്ചു. കുടുംബശ്രീ വന്നതിനു ശേഷം സ്ത്രീകൾക്ക് അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് കടന്ന് വരാൻ സാധിച്ചുവെന്ന് വാർഷികാഘോഷം ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.

തൻ്റെ കഴിവുകൾ സമൂഹത്തിനു മുമ്പിൽ കൊണ്ടുവരാനും, സന്തോഷപരമായ നിമിഷങ്ങൾ നേടിയെടുക്കാനും, സ്ത്രീ ശാക്തീകരണവും, പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും കുടുംബശ്രീയിലൂടെ സ്ത്രീകൾക്ക് സാധിച്ചു. ദാരിദ്ര്യ ലഘൂകരണവും പ്രാദേശിക സാമ്പത്തിക വികസനവും കുടുംബശ്രീയുടെ ലക്ഷ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. അരങ്ങ് മത്സരവിജയികൾക്കുള്ള സമ്മാനദാനവും മന്ത്രി നിർവഹിച്ചു.

ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. സി ഡി എസ് ഒന്ന് മെമ്പർ സെക്രട്ടറി വി സജിത റിപ്പോർട്ട് അവതരിപ്പിച്ചു. ഉദ്ഘാടനത്തിന് ശേഷം കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികൾ നടന്നു.

വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സി.സി ഷിബിൻ, ഫെനി എബിൻ വെള്ളാനിക്കാരൻ, അംബിക പള്ളിപ്പുറത്ത്, പാർലിമെൻ്ററി പാർട്ടി ലീഡർന്മാരായ സോണിയ ഗിരി, അൽഫോൻസ തോമസ്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ റെജി തോമസ്, സി ഡി എസ് ഒന്ന് ചെയർപേഴ്സൺ പി.കെ പുഷ്പാവതി, ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.