THRISSUR

കോൾപ്പാടത്തെ തരിശു നിലങ്ങളെ കതിരണിയിക്കാൻ സർക്കാരിന് കഴിഞ്ഞു; മന്ത്രി കെ രാജൻ

കാലാവസ്ഥാ വ്യതിയാനം കൃഷിയെ ബാധിക്കുമ്പോഴും കോൾപ്പാടങ്ങളിലെ തരിശു നിലങ്ങളിൽ ഹെക്ടറിന് നാൽപ്പതിനായിരം രൂപ നിരക്കിൽ നൽകി നെൽകൃഷിയെ പ്രോത്സാഹിപ്പിക്കാൻ സർക്കാരിന് കഴിഞ്ഞതായി റവന്യു ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ പറഞ്ഞു. തൃശൂർ കോൾ മേഖല കർഷക പ്രതിനിധികളുടെ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

നെൽകൃഷി മേഖലയിൽ 269 കോടി രൂപയുടെ പദ്ധതി നൽകിയ സർക്കാരിന് തരിശു രഹിത കേരളം പദ്ധതി വഴി 700 ഹെക്ടർ സ്ഥലത്ത് നെൽകൃഷി നടപ്പിലാക്കാൻ കഴിഞ്ഞതായിരുന്നു. കാലാവസ്ഥാ വ്യതിയാനം കൃഷിയെ ബാധിക്കുമ്പോൾ ഭൂമി തരിശാക്കിയിടാതെ മണ്ണിനെ കൃഷി യോഗ്യമാക്കി നിർത്തുന്നതിന് കഴിയണമെന്നും മന്ത്രി പറഞ്ഞു.

കോൾപ്പാടങ്ങളുടെ നെൽകൃഷി വികസനത്തിൻ്റെ ഭാഗമായി സർക്കാർ ഇത്തവണ 82 ഹെക്ടറോളം ഭൂമി തരിശു രഹിതമാക്കാൻ പദ്ധതി കൊണ്ടുവരുമെന്നും കാർഷിക കലണ്ടർ തയ്യാറാക്കുക, കുമ്മായ വിതരണം ഫലപ്രദമായ രീതിയിൽ നടപ്പാക്കൽ, പൊന്നാനി കോൾ നിലങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം, 182 പമ്പ് സെറ്റുകൾ വിതരണം ചെയ്യൽ തുടങ്ങി നിരവധി കാര്യങ്ങൾ നടത്തിയതായും മണ്ഡലം തലത്തിൽ കർഷകരുടെ യോഗങ്ങൾ നടത്തി വിപുലമായ പ്രവർത്തനങ്ങൾ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേന്ദ്ര സർക്കാരിൽ നിന്നും കോടികൾ ലഭിക്കാൻ ഉണ്ടെങ്കിലും നെല്ല് സംഭരണം പ്രതിസന്ധി നേരിടുകയാണ്. തുക കർഷകർക്ക് നൽകുന്നതിൽ സാങ്കേതിക പ്രശ്‌നമുണ്ടെന്നും കർഷകരുടെ ജീവിതം കൃഷിയെ ആശ്രയിച്ച് നിൽകുമ്പോൾ നെല്ല് സംഭരണം തുക ലഭിക്കാത്തത് കർഷകൻ്റെ ജീവിത പ്രശ്നമായതിനാൽ നെല്ലിൻ്റെ വിള ഇൻഷുറൻസ് അടക്കം ലഭ്യമാകുന്ന സാഹചര്യം ഉറപ്പു വരുത്തുമെന്നും മന്ത്രി പറഞ്ഞു.

പൊതുയോഗത്തിൻ്റെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ കർഷകർ, സംഭരണ വില, കാലാവസ്ഥ ഇൻഷുറൻസ്, രാസവളങ്ങളുടെ വിലവർദ്ധന, കാർഷിക വേതന പ്രശ്നങ്ങളും ബണ്ട് കെട്ടിയതുമായി ബന്ധപ്പെട്ട വിഷയങ്ങളും നിർദേശങ്ങളും പരാതികളും മന്ത്രി കെ രാജൻ്റെ സാന്നിധ്യത്തിൽ ചർച്ചയായി.

ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അധ്യക്ഷനായ ചടങ്ങിൽ മുരളി പെരുനെല്ലി എം എൽ എ ആശംസ നേർന്നു. ചടങ്ങിൽ സബ് കളക്ടർ അഖിൽ വി മേനോൻ സ്വാഗതം പറഞ്ഞു. ജലസേചന വിഭാഗം എക്സിക്യൂട്ടിവ് എഞ്ചിനീയർ പി സിനി റിപ്പോർട്ട് അവതരണം നടത്തി.

ചടങ്ങിൽ ഡെപ്യൂട്ടി കളലക്ടർ (എൽ. ആർ) എം സി ജ്യോതി, ജില്ലാ കൃഷി ഓഫീസർ നിംബ ഫ്രാങ്കോ, ചീഫ് വികസന ഓഫിസർ മേരി വിജയ, കൺസ്ട്രക്ഷൻ എഞ്ചിനീയർ എ ജി ബോബൻ, ജല മാനേജ്മെൻ്റ് ഉപ ഡയറക്ടർ ആർ ഷേർളി, കോൾ വികസന അതോറിറ്റി ഡെപ്യൂട്ടി ഡയറക്ടർ സോഫിയ എ ജോൺ, അഗ്രികൾച്ചർ യൂണിവേഴ്സിറ്റി കാർഷിക ഗവേഷണ വിഭാഗം മേധാവി ഡോ.ലത, കോൾ വികസന അതോറിറ്റി കോർഡിനേറ്റർ പി എസ് സുരേന്ദ്രൻ, പുഞ്ച സ്പെഷ്യൽ ഓഫീസർ കെ ജി പ്രാൺ സിങ്, ഡെപ്യൂട്ടി തഹസിൽദാർ ഷീല സ്റ്റീഫൻ എന്നിവർ പങ്കെടുത്തു.