സംസ്ഥാന കര്‍ഷക ദിനാഘോഷം തൃശ്ശൂരില്‍; സംഘാടകസമിതി രൂപീകരിച്ചു
കര്ഷകദിനാഘോഷത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനവും കര്‍ഷക അവാര്‍ഡ് വിതരണവും ഓഗസ്റ്റ് 17 ന് തൃശ്ശൂരില്‍ നടക്കും. ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വഹിക്കും. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിക്കും. കൃഷി വകുപ്പിൻ്റെ നേതൃത്വത്തില്‍ നടത്തുന്ന സംസ്ഥാന കര്ഷകദിനാഘോഷത്തിൻ്റെ സംഘാടകസമിതി രൂപീകരണ യോഗം ചേര്‍ന്നു. യോഗത്തില്‍ പരിപാടി നടത്തുന്നതിനായി മന്ത്രിമാര്‍, എം.എല്‍.എമാര്‍, എം.പിമാര്‍, തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന 501 അംഗങ്ങളുടെ ജനറല്‍ കമ്മിറ്റിയും 251 അംഗങ്ങള്‍ ഉള്‍പ്പെടുന്ന എക്സിക്യുട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു.
തൃശ്ശൂര്‍ പി.ഡബ്ല്യു.ഡി റസ്റ്റ്ഹൗസില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗം റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന് ഉദ്ഘാടനം നിര്‍വഹിച്ചു. തൃശ്ശൂര്‍ കോര്പ്പറേഷന് മേയര്‍ എം.കെ വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ് പ്രിന്‍സ്, കൃഷിവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാരായ കെ.എസ് സിന്ദു, എസ്. സ്വപ്ന, തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ നിംബ ഫ്രാങ്കോ, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എല്‍. ശ്രീരേഖ, ജനപ്രതിനിധികള്‍, വിവിധ കാര്‍ഷിക സംഘടനാ പ്രതിനിധികള്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



