വേലൂർ ഗ്രാമപഞ്ചായത്തിൻ്റെ വികസന സ്വപ്നങ്ങൾക്ക് ഇനി പുതിയ കെട്ടിടം
മന്ത്രി എം ബി രാജേഷ് നാളെ ഉദ്ഘാടനം ചെയ്യും(09-08-2025),
വേലൂർ പഞ്ചായത്ത് പുതിയ ഓഫിസ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം നാളെ (09-08-2025) രാവിലെ 9.30ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും.
എ.സി മൊയ്തീൻ എം.എൽ.എയുടെ 2020-21ലെ ആസ്തി വികസന പദ്ധതിയിൽനിന്നും അനുവദിച്ച 95 ലക്ഷം രൂപയും പഞ്ചായത്തിൻ്റെ തനത് ഫണ്ടിൽ നിന്നും വിവിധ ഘട്ടങ്ങളിലായി വകയിരുത്തിയ ഫണ്ടും ഉൾപ്പടെ നാലു കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. ആധുനിക സാങ്കേതിക സൗകര്യങ്ങൾ ഉൾക്കൊള്ളുന്നതും പൊതുജന സൗഹൃദോൻമുഖവുമായ കെട്ടിടത്തിൽ ഇരുന്നൂറോളം ആളുകൾക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാൾ സൗകര്യവും, മീഡിയ റൂം, കമ്മ്യൂണിറ്റി ഹാൾ, പാർക്കിംഗ് തുടങ്ങിയ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
എ.സി മൊയ്തീൻ എം.എൽ.എ ചടങ്ങിന് അധ്യക്ഷത വഹിക്കും. കെ രാധാകൃഷ്‌ണൻ എം പി ലൈഫ് വീടുകളുടെ താക്കോൽദാനം നിർവ്വഹിക്കും. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ മുഖ്യാതിഥിയാകും. തദ്ദേശസ്ഥാപന അധ്യക്ഷൻമാർ, ജനപ്രതിനിധകൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാംസ്‌കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.



