ഹയർസെക്കൻ്ററി പാഠ്യപദ്ധതി പരിഷ്കരണം: ജില്ലാതല ജനകീയ ചർച്ച സംഘടിപ്പിച്ചു
ഹയർസെക്കൻ്ററി പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ നേതൃത്വത്തിൽ അധ്യാപകർ, വിദ്യാർഥികൾ, പിടിഎ അംഗങ്ങൾ, ജനപ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി ജില്ലാതല ജനകീയ ചർച്ച സംഘടിപ്പിച്ചു.
ചേലക്കോട്ടുകര മാർ തിമോഥെയൂസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച ചർച്ചയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി എസ് പ്രിൻസ് നിർവഹിച്ചു. തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ ലീല അധ്യക്ഷതവഹിച്ചു.
എട്ട് ഗ്രൂപ്പുകളാക്കി തരംതിരിച്ച് പാഠ്യപദ്ധതി- പൊതുസമീപനം, ഭാഷ- സാഹിത്യം, ഭരണഘടനാ മൂല്യങ്ങൾ, ശാസ്ത്രം- ഗണിതം, കല-ആരോഗ്യ കായിക വിദ്യാഭ്യാസം, സാങ്കേതികവിദ്യയുടെ പ്രയോഗം, വിലയിരുത്തൽ എന്നീ വിഷയങ്ങളിലാണ് ചർച്ച നടത്തിയത്. ഓരോ വിഷയങ്ങളിലും കാലാനുസൃതമായി വരുത്തേണ്ട മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ സൂചകങ്ങളെ മുൻനിർത്തിയാണ് ജനകീയ ചർച്ച സംഘടിപ്പിച്ചിട്ടുള്ളത്.
ഹയർസെക്കൻ്ററി ആർ ഡി ഡി കെ. സുധ, എസ് സി ഇ ആർ ടി റിസർച്ച് ഓഫീസർ ഡി. അനിൽ, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ പി.എം ബാലകൃഷ്ണൻ, വൊക്കേഷണൽ ഹയർ സെക്കൻ്ററി അസിസ്റ്റൻ്റ് ഡയറക്ടർ പി. നവീന, ഡയറ്റ് പ്രിൻസിപ്പൽ ഡോ. ഡി. ശ്രീജ , ഡിപിസിഎസ്എസ്കെ ഡോ. എൻ ജെ ബിനോയ്, വിദ്യാകരണം ജില്ലാ കോഡിനേറ്റർ എൻ. കെ. രമേഷ്, കൈറ്റ് ജില്ലാ കോഡിനേറ്റർ വി. സുഭാഷ്, ഹയർസെക്കൻഡറി ജില്ലാ കോഡിനേറ്റർ ടി. എം. ലത തുടങ്ങിയവർ പങ്കെടുത്തു.



