മതിലകം ഗ്രാമപഞ്ചായത്തിൽ നാലുവർഷം കൊണ്ട് ആയിരം വിദ്യാർത്ഥികൾക്ക് നീന്തൽ പരിശീലനം
മതിലകം ഗ്രാമപഞ്ചായത്തിൽ നാലുവർഷം കൊണ്ട് നീന്തൽ പരിശീലനം നൽകിയത് ആയിരത്തിലധികം വിദ്യാർത്ഥികൾക്ക്. കുട്ടികൾക്ക് വെള്ളത്തിനോടുള്ള ഭയം ഇല്ലാതാക്കുന്നതിനോടൊപ്പം, വെള്ളത്തിൽ വീണുള്ള അപകടങ്ങൾ കുറയ്ക്കാനും, ആരോഗ്യം സംരക്ഷിക്കുന്നതിനുമാണ് പദ്ധതി നടപ്പിലാക്കിവരുന്നത്.
2019 ൽ ആരംഭിച്ച പദ്ധതി കോവിഡ് മൂലം രണ്ട് വർഷം മുന്നോട്ട്കൊണ്ടുപോകാൻ സാധിച്ചിരുന്നില്ല. 2020 ൽ പുതിയ ഭരണസമിതി വന്നതിനുശേഷം പദ്ധതി പുനരാരംഭിച്ച് പഞ്ചായത്തിൻ്റെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ജലസാക്ഷരത നൽകിവരുന്നു.
വർഷം ഒരു ലക്ഷം രൂപ വകയിരുത്തി പഞ്ചായത്ത് പരിധിയിലെ അഞ്ചാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് നീന്തൽ പരിശീലനം നിലവിൽ നൽകുന്നത്. 20 വർഷമായി നീന്തൽ പരിശീലന രംഗത്ത് സജ്ജീവമായിട്ടുള്ള ഹരിലാല്‍ കൊമ്പിടിയുടെ നേതൃത്വത്തി ബിജുമോന്, സോണി , മുരളി, നവീന്‍, ജിനേഷ് എന്നിവരടങ്ങിയ ടീമാണ് പരിശീലനം നടത്തുന്നത്.
രാവിലെ ആറ് മുതല്‍ എട്ട് വരെ പഞ്ചായത്ത് ഉടമസ്ഥതയിലുള്ള പോളക്കുളത്തിലാണ് നീന്തല്‍ പരിശീലനം. പത്ത് ദിവസമാണ് പരിശീലന കാലവധി. പരിശീലനത്തിന് ശേഷം പോഷകാഹാരവും പഞ്ചായത്ത് നൽകുന്നുണ്ട്. തുടർ വർഷങ്ങളിൽ കൂടുതൽ കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകുവാനുള്ള തയ്യാറെടുപ്പിലാണ് പഞ്ചായത്തെന്ന് മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സീനത്ത് ബഷീർ പറഞ്ഞു.



