THRISSUR

മതിലകം ബ്ലോക്ക് പഞ്ചായത്ത് ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെൻ്ററിൻ്റെ മൂന്നാം വാര്‍ഷികാഘോഷം നടത്തി

മതിലകം ബ്ലോക്ക് പഞ്ചായത്തിലെ ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെൻ്ററിൻ്റെ മൂന്നാം വാര്‍ഷികവും ബഡ്‌സ് സ്‌കൂളിലെ കുട്ടികളുടെ അമ്മമാര്‍ക്കായി നിര്‍മ്മിച്ച തയ്യല്‍ യൂണിറ്റിൻ്റെ ഒന്നാം വാര്‍ഷികവും നവീകരിച്ച സ്മാര്‍ട്ട് ക്ലാസ് റൂമിൻ്റെ ഉദ്ഘാടനവും നടത്തി. ചടങ്ങുകള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ഗിരിജ അധ്യക്ഷത വഹിച്ചു.

2022 ലാണ് ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെൻ്റര്‍ ആരംഭിക്കുന്നത്. നിലവില്‍ 19 കുട്ടികള്‍ക്കാണ് സ്‌കൂളിൻ്റെ സഹായം നല്‍കുന്നത്. നിപ്മറിൻ്റെ സഹകരണത്തോടെ ക്യാമ്പുകളും ക്ലിനിക്കുകളും നടത്തി കുട്ടികള്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന ചെറിയകാര്യങ്ങളില്‍ സ്വയം പ്രാപ്തി നേടിക്കൊടുക്കാന്‍ ഇതിനോടകം സാധിച്ചു. കലാ-കായിക പരിസ്ഥിതി രംഗങ്ങളില്‍ കഴിവ് തെളിയിച്ചും എന്‍.സി.ഇ.ആര്‍.ടി യുടെ പ്രത്യേക സിലബസ് പ്രകാരമുള്ള പഠനത്തിലൂടെ പത്ത്, പ്ലസ് ടു തുടങ്ങിയ പരീക്ഷകളില്‍ വിജയം കൈവരിക്കാനും സ്‌കൂളിലെ പരിശീലനത്തിലൂടെ കഴിഞ്ഞു. കൂടാതെ സ്‌കൂളിനോട് ചേര്‍ന്ന് തയ്യല്‍ യൂണിറ്റ് നിര്‍മിച്ചുകൊണ്ട് കുട്ടികളുടെ അമ്മമാര്‍ക്കായി കുടുംബശ്രീ മുഖേന തയ്യല്‍ പരിശീലനം നല്‍കി. ഇതിലൂടെ അമ്മമാര്‍ക്ക് വരുമാനം മാര്‍ഗ്ഗം കണ്ടെത്താനും കുട്ടികളെ പരിചരിക്കാനുള്ള അവസരവും ഒരുക്കി.

മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സീനത്ത് ബഷീര്‍, പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിനീത മോഹന്‍ദാസ്, എടവിലങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിഷ അജയന്‍, മതിലകം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹഫ്‌സ ഒഫൂര്‍, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജുള അരുണന്‍, മതിലകം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ കെ.എ. ഹസ്ഫല്‍, ഷീബ ബാബു, കെ.കെ. വത്സമ്മ, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ കെ.എസ്. ജയ, സുഗത ശശിധരന്‍, ഡി.ഡി.പി ഒ.കെ. ലളിത, മതിലകം ബ്ലോക്ക് സെക്രട്ടറി കെ. മധുരാജ്, മതിലകം കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സിബി രാജേഷ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.