ഐഎസ്ഒ തിളക്കത്തിൽ ജില്ലയിലെ കുടുംബശ്രീ ഓഫീസുകൾ
മികവിൽ കുതിക്കുന്ന കുടുംബശ്രീക്ക് കരുത്തായി ഐഎസ്ഒ അംഗീകാരവും. പ്രവർത്തനത്തിൽ ഗുണമേന്മയും മികച്ച സേവനവും ഉറപ്പുവരുത്തിയ 49 സിഡിഎസുകളാണ് ഐഎസ്ഒ ഗുണമേന്മ നിലവാരത്തിലേക്ക് ശുപാർശ ചെയ്യുന്നതിനും തിരഞ്ഞെടുക്കപ്പെട്ടത്. മൂന്ന് വർഷമാണ് സർട്ടിഫിക്കേഷൻ്റെ കാലാവധി. ജില്ലയിലെ ദാരിദ്ര്യനിർമാർജ്ജന പ്രവർത്തനങ്ങളിൽ മികച്ച പങ്കാളിത്തം കാഴ്ചവച്ചും പൊതുജന സേവനം ഒരുക്കിയുമാണ് കുടുംബശ്രീ സിഡിഎസുകൾ ഗുണനിലവാരത്തിൻ്റെ അന്താരാഷ്ട്ര മുദ്രയായ ഐഎസ്ഒ സർട്ടിഫിക്കറ്റിന് അർഹരായത്.
ഐഎസ്ഒ സർട്ടിഫിക്കറ്റ് കരസ്ഥമാക്കുന്നതിനുള്ള കൺസൾട്ടൻസി ഏജൻസിയായ കിലയുടെ നേതൃത്വത്തിലുള്ള ഓഡിറ്റിലാണ് 49 സിഡിഎസുകൾ, ഐഎസ്ഒ 9001:2015 അംഗീകാരത്തിലേക്ക് ചുവടുവച്ചത്. ഓഫീസിലെ ഫയൽ ക്രമീകരണം, സാമ്പത്തിക ഇടപാടുകളും രജിസ്റ്ററുകളും പരിപാലിക്കുന്നതിലെ കൃത്യത, അയൽക്കൂട്ട വിവരങ്ങൾ, കാര്യക്ഷമത, സേവന മേഖലയിലെ വിലയിരുത്തൽ, ഓഫീസ് ക്രമീകരണങ്ങൾ, പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ, ഹെൽപ്പ് ഡസ്ക്ക് എന്നിവയാണ് നേട്ടത്തിന് അടിസ്ഥാനം. ജില്ലയിലെ 44 ഗ്രാമീണ സിഡിഎസുകളും 5 നഗര സിഡിഎസുകളുമാണ് ഈ നേട്ടത്തിന് അർഹരായത്.
അരിമ്പൂർ, മണലൂർ, താന്ന്യം, മുല്ലശ്ശേരി, എളവള്ളി, അതിരപ്പിള്ളി, കാടുകുറ്റി, കൊരട്ടി, മേലൂർ, പരിയാരം, പുന്നയൂർ, പുന്നയൂർക്കുളം, കടപ്പുറം, കാട്ടകാമ്പാൽ, ചൊവ്വന്നൂർ, പോർക്കുളം, കടങ്ങോട്, വേലൂർ, കടവല്ലൂർ, അളഗപ്പനഗർ, വരന്തരപ്പിള്ളി, മറ്റത്തൂർ, കൊടകര, മാള, കൈപ്പമംഗലം, മതിലകം, എടവിലങ്ങ്, എറിയാട്, മാടക്കത്തറ, പാണഞ്ചേരി, നടത്തറ, പുത്തൂർ, പാഞ്ഞാൾ, തിരുവില്ലാമല, കൈപ്പറമ്പ്, വാടാനപ്പള്ളി, തളിക്കുളം, വെള്ളാങ്കല്ലൂർ, വേളൂക്കര, പുത്തൻചിറ, മുള്ളൂർക്കര, തെക്കുംകര, വരവൂർ, പറപ്പൂക്കര എന്നീ ഗ്രാമീണ സിഡിഎസുകളും ചാലക്കുടി, തൃശ്ശൂർ സിഡിഎസ് 1&2, വടക്കാഞ്ചേരി സിഡിഎസ് 1, 2 എന്നീ നഗര സിഡിഎസുകളുമാണ് ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്തത്.
ചിട്ടയായും സമയബന്ധിതവുമായും ഓരോ സിഡിഎസ് ഭരണസമിതിയും ജീവനക്കാരും പ്രവർത്തിച്ചതിനാലാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചതെന്ന് ജില്ലാ മിഷൻ കോർഡിനേറ്റർ ഡോ. സലിൽ യു അറിയിച്ചു.



