THRISSUR

കഴിമ്പ്രം വാഴപ്പുള്ളി ക്ഷേത്രത്തിൽ കല്ലുവാഴ കുലച്ചു

കഴിമ്പ്രം: കഴിമ്പ്രം വാഴപ്പുള്ളി രാജരാജേശ്വരി ക്ഷേത്രത്തിൽ അപൂർവമായ കല്ലുവാഴ കുലച്ചു. ആയുർവേദത്തിൽ ഔഷധഗുണം കൊണ്ടു പ്രസിദ്ധമായ കല്ലുവാഴ ഏകദേശം 12 അടി ഉയരത്തിൽ വളരുന്ന സസ്യമാണ്. സാധാരണ വാഴയെ അപേക്ഷിച്ച് കറുത്ത വിത്ത് മുളപ്പിച്ചാണ് ഇതിൻ്റെ പുതുവാഴ ഉണ്ടാകുന്നത്. അഞ്ചു മുതൽ 12 വർഷം വരെയുള്ള പ്രായത്തിൽ മാത്രമാണ് കല്ലുവാഴയ്ക്ക് കുല വരുന്നത്. കുലച്ചതിന് ശേഷം വാഴ നശിച്ചു പോകും.

വനാന്തരങ്ങളിലും പാറക്കെട്ടുകളിലുമാണ് സാധാരണയായി ഈ സസ്യം കാണപ്പെടുന്നത്. ആർത്രിറ്റിസ്, വൃക്ക-മൂത്രാശയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്ക് കല്ലുവാഴ വിത്ത് ഉണക്കിപ്പൊടിച്ച് മരുന്നായി ഉപയോഗിക്കാറുണ്ട്. തീപ്പൊള്ളേറ്റാൽ പൊടി ചൂടുപാലിൽ കലക്കി പുരട്ടുന്നത് ഗുണകരമാണെന്ന് ആയുർവേദം പറയുന്നു.

വലപ്പാട് കൃഷിഭവൻ ഓഫീസർ ലക്ഷ്മി മോഹൻ സ്ഥലം സന്ദർശിച്ചു. സമുദ്ര ചാമ്പ്, കർപ്പൂരം, കമടലു, ചന്ദനംപരണ്ട, നാഗമരം തുടങ്ങിയ അപൂർവ മരങ്ങളും നക്ഷത്രവനവും സംരക്ഷിക്കുന്ന ക്ഷേത്രം ഭരണസമിതിയെ അവർ അഭിനന്ദിച്ചു.

അപൂർവ കാഴ്ച കാണാൻ നിരവധി ഭക്തരും നാട്ടുകാരും ക്ഷേത്രത്തിൽ എത്തുന്നു.