THRISSUR

എസ് സി, എസ് ടി വിഭാഗങ്ങളിൽ വായന ശീലമാക്കാൻ അക്ഷരോന്നതി

ജില്ലയിലെ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളിൽ വായന സംസ്കാരമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ തദ്ദേശസ്വയംഭരണ വകുപ്പിൻ്റെ നേതൃത്വത്തിൽ ‘അക്ഷരോന്നതി’ പദ്ധതി നടപ്പിലാക്കുന്നു. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്നവർക്കായി ഉന്നതികളിലും പഠനമുറികളിലും ഹോസ്റ്റലുകളിലും വായനാ സൗകര്യങ്ങളുടെയും പുസ്തകങ്ങളുടെയും ലഭ്യത കുറവ് പരിഹരിക്കുന്നതിനും വായനാശീലം വളർത്തുന്നതിനുമാണ് അക്ഷരോന്നതി സംഘടിപ്പിക്കുന്നത്.

കുട്ടികൾക്ക് നിലവാരമുള്ള പുസ്തകങ്ങളുടെ ലഭ്യത ഉറപ്പാക്കുക, ജനങ്ങളിൽ പുസ്തകദാനം പ്രോത്സാഹിപ്പിക്കുക എന്നിവയും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയും ലൈബ്രറികൾ കേന്ദ്രീകരിച്ചും പ്രാദേശിക തല കൂട്ടായ്മകളിലൂടെയും പുസ്തകങ്ങൾ ശേഖരിക്കുകയും പുസ്തകങ്ങളുടെ നിലവാരം ഉറപ്പാക്കി എസ് സി, എസ് ടി ഉന്നതികളിൽ ഉള്ള ലൈബ്രറികൾ, പഠനമുറികൾ, ഹോസ്റ്റലുകൾ, പകൽ വീടുകൾ, സ്കൂളുകൾ, പഞ്ചായത്ത്-ബ്ലോക്ക് ലൈബ്രറികൾ എന്നിവിടങ്ങളിലേക്ക് വിതരണം ചെയ്ത് പ്രാദേശിക തലത്തിൽ വായനയ്ക്ക് സൗകര്യമൊരുക്കുകയാണ് ഈ പദ്ധതിയിലൂടെ.

കളക്ടറേറ്റ് വിസി ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ് പ്രിൻസ് അധ്യക്ഷത വഹിച്ചു. അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ടി മുരളി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ ഡി സാജു,
ആർജിഎസ്എ ജില്ലാ പ്രൊജക്റ്റ്‌ മാനേജർ, കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് എക്സ്പെർട്, പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് പ്രതിനിധികൾ, ഗ്രന്ഥശാലാ കൌൺസിൽ പ്രതിനിധികൾ, എൻഎസ്എസ് പ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.