അരിമ്പൂർ ഗ്രാമപഞ്ചായത്തിൽ ബൊക്കാഷി ബക്കറ്റുകൾ വിതരണം ചെയ്തു
അരിമ്പൂർ പഞ്ചായത്തിൽ മാലിന്യ സംസ്കരണത്തിനായി ബൊക്കാഷി ബക്കറ്റുകൾ വിതരണം നടത്തി. വിതരണോദ്ഘാടനം അരിമ്പൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി ജി സജീഷ് നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഹരിദാസ് ബാബു അധ്യക്ഷനായി.
2025 – 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഉറവിട ജൈവ മാലിന്യ സംസ്കരണം പദ്ധതിയുടെ ഭാഗമായാണ് വീടുകളിലേക്ക് ബൊക്കാഷി ബക്കറ്റുകൾ വിതരണം ചെയ്തത്. പ്ലാൻ ഫണ്ടിൽ നിന്നും 4,50,000 രൂപ ചെലവഴിച്ച് നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയിൽ 100 ബക്കറ്റുകളാണ് വിതരണം ചെയ്തത്. സ്ഥലപരിമിതിയുള്ളവർക്ക് വായു കടക്കാത്ത വിധത്തിൽ ജൈവമാലിന്യ സംസ്കരണം നടത്താൻ സാധിക്കുന്ന ഉപാധിയാണ് ബൊക്കാഷി ബക്കറ്റുകൾ. ദുർഗന്ധം ഇല്ലാത്തതും വീടിനുള്ളിൽ സ്ഥാപിച്ച് ഉപയോഗിക്കാൻ സാധിക്കുമെന്നത് ബൊക്കാഷി ബക്കറ്റുകളുടെ പ്രത്യേകതയാണ്.
വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ സിന്ധു സഹദേവൻ, ജനപ്രതിനിധികളായ സി പി പോൾ, പി എ ജോസ്, സുധ സദാനന്ദൻ, നീതു ഷിജു, ഷിമി ഗോപി, സലീജ കെ എൻ, വൃന്ദ സി, സുനിത സി, വില്ലജ് എക്സ്റ്റൻഷൻ ഓഫീസർമാരായ അനൂപ് പി ഉണ്ണികൃഷ്ണൻ, എമി ആനി ഐസക് എന്നിവർ സംസാരിച്ചു.



