തോളൂർ ഗ്രാമപഞ്ചായത്ത് വയോജന സംഗമം 2025 സംഘടിപ്പിച്ചു
തോളൂർ ഗ്രാമപഞ്ചായത്ത് വയോജന സംഗമം 2025 ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീകല കുഞ്ഞുണ്ണി നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ലില്ലി ജോസ് അധ്യക്ഷത വഹിച്ചു. ഐ.സി. ഡി. എസ് സൂപ്പർവൈസർ വിദ്യ കെ. പ്രജീഷ് പദ്ധതി വിശദീകരണം നടത്തി.
വയോജനങ്ങൾക്ക് കട്ടിലുകൾ ഹിയറിങ് എയ്ഡുകൾ, പാലിയേറ്റീവ് സൗകര്യങ്ങൾ, മരുന്നുകൾ എന്നിവ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നൽകി വരുന്നതായി പ്രസിഡണ്ട് പറഞ്ഞു. വയോജനങ്ങൾക്ക് ഒത്തു കൂടാൻ പോന്നോരിലെ പകൽ വീട് സജ്ജമാക്കി കൊണ്ടിരിക്കുകയാണെന്നും പ്രസിഡണ്ട് സൂചിപ്പിച്ചു.
വാർദ്ധക്യത്തിൽ വയോജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തെ കുറിച്ച് സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ സന്തോഷ് കുമാർ ക്ലാസ്സെടുത്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീന വിൽസൺ, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.ജി പോൾസൺ , വി.കെ രഘുനാഥൻ, വി.പി അരവിന്ദാക്ഷൻ , ഷീന തോമസ് എന്നിവർ സംസാരിച്ചു.
പാട്ടുപാടിയും അനുഭവങ്ങൾ പങ്കുവെച്ചും വയോജനങ്ങൾ സംഗമം ആഘോഷമാക്കി. വയോജന സംഗമത്തിൻ്റെ ഭാഗമായി വിഭവ സമൃദ്ധമായ സദ്യയും പഞ്ചായത്ത് ഒരുക്കിയിരുന്നു.



