ജനനി: വന്ധ്യതയ്ക്ക് ഫലപ്രദമായ ചികിത്സാ പദ്ധതി
തൃശൂർ ജനനിയിൽ പിറന്നത് 172 കുഞ്ഞുങ്ങൾ
ദാമ്പത്യ ജീവിതം വർഷങ്ങൾ പിന്നിട്ടിട്ടും പല ചികിത്സകൾ നടത്തിയിട്ടും ഒരു കുഞ്ഞിക്കാൽ എന്ന മനോഹര സ്വപ്നത്തെയോർത്ത് സങ്കടപ്പെട്ടവർക്ക് സ്വപ്നസാക്ഷാത്ക്കാരമേകി ജനനി പദ്ധതി.
കേരള സർക്കാർ ഹോമിയോപ്പതി വകുപ്പിൻ്റെ അഭിമാന പദ്ധതിയായ ‘ജനനി’ യിലൂടെ ജില്ലയിൽ ജന്മം നൽകിയത് 172 കുഞ്ഞുങ്ങൾക്ക്. 2012 ൽ അമ്മയും കുഞ്ഞുമെന്ന പേരിൽ കണ്ണൂരിൽ തുടങ്ങിയ പദ്ധതിയുടെ വിജയസാധ്യതകൾ മുൻനിർത്തി 2019 മുതൽ എല്ലാ ജില്ലാ ഹോമിയോപ്പതി ആശുപത്രികളിലും പ്രത്യേക പദ്ധതിയായാണ് ജനനി ആരംഭിച്ചത്. പൂത്തോളിലെ ജില്ലാ ഹോമിയോപ്പതി ആശുപത്രിയിലെ ജനനി പദ്ധതിയിലൂടെ 217 പേർ ഗർഭിണികളാവുകയും 172 കുഞ്ഞുങ്ങൾ പിറക്കുകയും ചെയ്തു.
സാമ്പത്തിക ബാധ്യതകൾ വരാതെ, പാർശ്വഫലങ്ങളില്ലാതെ തികച്ചും ശാസ്ത്രീയമായ രീതിയിൽ ഗർഭധാരണം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ ഹോമിയോപ്പതി ആശുപത്രിയിൽ ജനനി പദ്ധതി മുന്നോട്ടുപോകുന്നത്.
വിവാഹശേഷം ഒരു വർഷമായി ഒരുമിച്ച് ജീവിക്കുകയും മറ്റു ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിച്ചില്ലെങ്കിൽ കൂടി ഗർഭധാരണം സാധ്യമാകാതിരിക്കുകയും ചെയ്ത ദമ്പതികൾ, ഐവിഎഫ്, ഐ യു ഐ തുടങ്ങിയ ചെലവേറിയ രീതികൾ അവലംബിച്ചതിനു ശേഷവും ഗർഭധാരണം സാധ്യമാകാതെ വരുന്നവർ, ഗർഭധാരണം സാധ്യമായിട്ടും പലതരം കാരണങ്ങളാൽ ഗർഭസ്ഥ ശിശുവിനെ നഷ്ടമായവർ, എന്നിവർക്കാണ് ജനനി പദ്ധതിയിലൂടെ ചികിത്സ നൽകുന്നത്
പുരുഷ വന്ധ്യതയ്ക്ക് കാരണമായ ബീജ കുറവ് , ബീജ ചലന ശേഷി കുറവ് വെരിക്കോസിൽ, ലൈംഗിക പ്രശ്നങ്ങൾ, സ്ത്രീ വന്ധ്യതയ്ക്ക് കാരണമാകുന്ന പിസിഒഡി, ഫൈബ്രോയിഡ് പോലുള്ള ഗർഭാശയമുഴകൾ, ട്യൂബൽ ഡെഫക്ട്സ് , ഹോർമോൺ തകരാറുകൾ എന്നിവയ്ക്കും ഫലപ്രദമായ ചികിത്സ ജനനി പദ്ധതിയിൽ സാധ്യമാണെന്ന് തെളിഞ്ഞുകഴിഞ്ഞു. ജീവിതശൈലീ രോഗങ്ങൾ കാരണമുള്ള വന്ധ്യതയ്ക്കും ജനനിയിൽ ഫലപ്രദമായ ചികിത്സയുണ്ട്.
വിദഗ്ധരായ ഡോക്ടർമാരുടെ സേവനം, സൗജന്യ ചികിത്സാരീതികൾ, യോഗ, കൗൺസലിംഗ്, സ്കാനിങ്, ലാബ് സൗകര്യം എന്നിവ ഉൾപ്പെടെ ആധുനിക രീതിയിലൂടെ നിരവധിയായ സേവനങ്ങൾ സൗജന്യമായി ഹോമിയോപ്പതി ആശുപത്രി വിഭാവനം ചെയ്യുന്നു.
ജനനിയിലൂടെ സംസ്ഥാനത്ത് നാളിതുവരെ 3800 കുഞ്ഞുങ്ങൾ ജനിച്ചിട്ടുണ്ട്. എല്ലാ ജില്ലാ ഹോമിയോ ആശുപത്രിയിലും ജനനി പദ്ധതി സേവനം ആഴ്ചയിൽ ആറ് ദിവസം തിങ്കൾ മുതൽ ശനി വരെ രാവിലെ ഒൻപത് മണി മുതൽ രണ്ടു മണി വരെ ലഭ്യമാണ്.



