മറ്റത്തൂരിൽ ആധുനിക ഗ്യാസ് ക്രിമിറ്റോറിയം ഉദ്ഘാടനം ചെയ്തു
മറ്റത്തൂർ ഗ്രാമപഞ്ചായത്തിൽ നിർമിച്ച ആധുനിക ഗ്യാസ് ക്രിമിറ്റോറിയത്തിൻ്റെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിച്ചു. മാലിന്യ സംസ്കരണം, ഹരിത കർമ്മ സേനാ പ്രവർത്തനങ്ങൾ എന്നിവയിൽ മറ്റത്തൂർ ഗ്രാമപഞ്ചായത്ത് നേടിയ നേട്ടങ്ങളെ മന്ത്രി അഭിനന്ദിച്ചു.
ഗ്രാമപഞ്ചായത്തിൻ്റെ വിവിധ ഫണ്ടുകൾ ഉപയോഗിച്ച് 90 ലക്ഷത്തിലധികം രൂപ ചെലവിലാണ് ഗ്യാസ് ക്രിമിറ്റോറിയം നിർമ്മിച്ചത്. നിർമ്മിതി കേന്ദ്ര വഴി 55 ലക്ഷം രൂപ ചെലവിൽ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ബാക്കി തുകയ്ക്ക്
ഫർണസ് ചേംബർ എന്നിവയും സജ്ജമാക്കി. മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ മാങ്കുറ്റിപ്പാടത്താണ് ക്രിമിറ്ററിയം നിർമ്മിച്ചിരിക്കുന്നത്.
കെ കെ രാമചന്ദ്രൻ എം എൽ എ അധ്യക്ഷനായ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശ്വതി വിബി സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് അസിസ്റ്റൻ്റ് എഞ്ചിനീയർ ദിവ്യ ഗോപിനാഥ് റിപ്പോർട്ട് അവതരണം നടത്തി. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എം ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം ജെനീഷ് പി ജോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ കെ സദാശിവൻ, എം ആർ രഞ്ജിത്ത്, ടി കെ അസൈൻ, സജിത രാജീവൻ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷൻ്റോ കൈതാരത്ത്, സ്ഥിരം സമിതി അംഗങ്ങളായ സനില ഉണ്ണികൃഷ്ണൻ, ഷെയ്ബി സജി, പഞ്ചായത്ത് സെക്രട്ടറി പി എസ് പ്രദീപ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.



