General

കളക്ടറേറ്റ് ജീവനക്കാർക്ക് സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ്

സൈബർ തട്ടിപ്പുകളെക്കുറിച്ചും സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചും സർക്കാർ ജീവനക്കാർക്കിടയിൽ അവബോധം വളർത്തുന്നതിൻ്റെ ഭാഗമായി കളക്ടറേറ്റിൽ ജില്ലാ വനിതാ ശിശുവികസന ഓഫീസ്, മിഷൻ ശക്തി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ വനിതാ ശിശുവികസന ഓഫീസർ പി. മീര ഉദ്ഘാടനം ചെയ്തു.

ക്രൈംബ്രാഞ്ച് എക്കണോമിക്സ് ഒഫൻസ് വിംഗ് ഡെപ്യൂട്ടി സൂപ്രണ്ടന്റ് ഓഫ് പോലീസ് സുരേന്ദ്രൻ മങ്ങാട്ട് ക്ലാസ് നയിച്ചു. വർധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചും, അവ സാധാരണ ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. വിവിധതരം സാമ്പത്തിക തട്ടിപ്പ് രീതികളായ വ്യാജ ഇമെയിലുകൾ, ഫോൺ കോളുകൾ, എസ്.എം.എസുകൾ, ക്ഷുദ്രകരമായ സോഫ്റ്റ്‌വെയറുകൾ എന്നിവയിലൂടെ എങ്ങനെ വ്യക്തിഗത വിവരങ്ങളും ബാങ്ക് വിവരങ്ങളും തട്ടിയെടുക്കുന്നു തുടങ്ങിയവയും ക്ലാസിൽ വിശദീകരിച്ചു.

കുട്ടികളുടെ ഇടയിൽ വ്യാപകമാകുന്ന സൈബർ തട്ടിപ്പുകളെക്കുറിച്ചും അവയിൽ നിന്ന് രക്ഷിക്കാനുള്ള പ്രായോഗികമായ മാർഗ്ഗങ്ങളെക്കുറിച്ചും ഡിവൈ.എസ്.പി. നിർദ്ദേശിച്ചു.

ഡിസ്ട്രിക്ട് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ സ്മിത, വിമൺ പ്രൊട്ടക്ഷൻ ഓഫീസർ സൗമ്യ ആർ., ജില്ലാ വനിതാ ശിശു വികസന ഓഫീസ് ജൂനിയർ സൂപ്രണ്ട് കെ.എൽ. ഷൈജു, മിഷൻ ശക്തിയിലെ സ്പെഷലിസ്റ്റ് ഇൻ ഫിനാൻഷ്യൽ ലിറ്ററസി സുജിത് ബി.എസ്., മിഷൻ ശക്തി ജില്ലാ കോർഡിനേറ്റർ വിൻസെന്റ് പി.ഡി. എന്നിവർ സംസാരിച്ചു.

കളക്ടറേറ്റ് അനക്സ് ഹാളിൽ നടന്ന പരിപാടിയിൽ വിവിധ വകുപ്പുകളിലെ ഏകദേശം 150 ജീവനക്കാർ പങ്കെടുത്തു.