THRISSUR

ഗ്രാമീണ കാർഷിക മേഖലയെ ശക്തിപ്പെടുത്തി പഴയന്നൂർ ഉപജീവന സേവന കേന്ദ്രം

പഴയന്നൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ സംയോജിത കൃഷി ക്ലസ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ലൈവ്ലിഹുഡ് സർവീസ് സെൻ്ററിൻ്റെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാകുന്നു. ഇൻ്റഗ്രേറ്റഡ് ഫാമിംഗ് ക്ലസ്റ്റർ ലൈവ്ലിഹുഡ് പ്രോഗ്രാമിൻ്റെ ഭാഗമായാണ് ലൈവ്ലിഹുഡ് സർവീസ് സെൻ്റർ ആരംഭിച്ചത്. ഉത്പാദനം, സംഭരണം, വിതരണം കാർഷിക സംസ്കൃതിയിലൂടെ എന്ന ആശയം നടപ്പാക്കുന്നതിന് വേണ്ടിയാണ് കുടുംബശ്രീ വഴി സെൻ്റർ ആരംഭിച്ചത്.

കർഷകർക്ക് ആവശ്യമായ വിത്ത്, വളം,തൈകൾ, പരിശീലനങ്ങൾ എന്നിവയാണ് സെൻ്റർ വഴി നൽകുന്നത്. ഒന്നര ലക്ഷം രൂപയ്ക്ക് വാങ്ങിച്ച ഡ്രയർ ഉപയോഗിച്ച് കർഷകരിൽ നിന്നും ശേഖരിക്കുന്ന മുരിങ്ങയില, കൂവ എന്നിവ ഉണക്കി പൊടിച്ച് നൽകുക, കർഷകർ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ, ഭഷ്യ ഉത്പന്നങ്ങൾ എന്നിവയുടെ സംഭരണവും വിതരണവുമാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ നടക്കുന്നത്.

പഴയന്നൂർ ഗ്രാമപഞ്ചായത്തിലെ 5,16,17 വാർഡുകളിലെ 250 ഓളം വരുന്ന കർഷകരെ ഒരു ക്ലസ്റ്റർ ആക്കി രൂപപ്പെടുത്തി കൊണ്ടാണ് കാർഷിക ഉപജീവന സേവന കേന്ദ്രം പ്രവർത്തിക്കുന്നത്. മൊത്തം ആറ് സ്ത്രീകൾക്ക് സെൻ്റർ വഴി തൊഴിൽ നൽകുന്നു. സംഘത്തിന് കീഴിൽ അച്ചാർ നിർമ്മാണ കമ്പനി, എണ്ണ, ഷാംപൂ, കൗവ്വപ്പൊടി, ചക്ക കൊണ്ടുള്ള ഉത്പന്നങ്ങൾ എന്നിവയും ഉത്പാദിപ്പിക്കുന്നു. കുടുംബശ്രീ ജില്ലാ മിഷൻ മൂന്ന് വർഷ കാലയവലവിലേക്ക് പദ്ധതിക്കായി 40 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഈ കർഷകരുടെ ഉത്പന്നങ്ങൾ വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും വിദൂര സ്ഥലങ്ങളിൽ നിന്ന് വരെ ആളുകൾ ലൈവ്ലിഹുഡ് സർവീസ് സെൻ്ററിൽ സന്ദർശകരായെത്തുന്നുണ്ട്.

പഴയന്നൂർ ഗ്രാമപഞ്ചായത്തിലെ മൂന്ന് വാർഡുകളിൽ മാത്രമാണ് പദ്ധതി ഇപ്പോൾ നടപ്പാക്കിയിരിക്കുന്നത്. പഞ്ചായത്തിൽ മുഴുവൻ വാർഡുകളിലേക്കും പദ്ധതി നടപ്പിലാക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നതെന്നും സെൻ്റർ വഴി കർഷകർ വിൽക്കുന്ന ഉത്പന്നങ്ങൾക്ക് പുറമെ അവർക്കുള്ള ലാഭവിഹിതവും സെൻ്റർ വഴി നൽകുന്നതായും കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ രശ്മി സുന്ദരൻ പറഞ്ഞു.