നവകേരളത്തിൻ്റെ ഗ്രാമവികസന മാതൃകയായി തളിക്കുളം പഞ്ചായത്ത്
തളിക്കുളം: കേരള സർക്കാരിന്റെയും തളിക്കുളം ഗ്രാമപഞ്ചായത്തിൻ്റെയും കഴിഞ്ഞ അഞ്ച് വർഷങ്ങളിലായുള്ള വികസന നേട്ടങ്ങൾ ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ച് തളിക്കുളം ഗ്രാമപഞ്ചായത്ത്. തളിക്കുളം ബ്ലൂമിങ് ബഡ്സ് സ്കൂളിൽ വെച്ച് നടന്ന വികസന സദസ്സ് സി.സി. മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നടപ്പാക്കിയ വിവിധ വികസന പ്രവർത്തനങ്ങളും കൈവരിച്ച നേട്ടങ്ങളെ പറ്റി എം എൽ എ സംസാരിച്ചു. ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന നിരവധി പദ്ധതികൾ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ വിജയകരമായി നടപ്പാക്കിയതായും എം എൽ എ പറഞ്ഞു. അതോടൊപ്പം, സംസ്ഥാന സർക്കാരിൻ്റെ വിവിധ ജനക്ഷേമ പദ്ധതികളും വികസന നേട്ടങ്ങളും സംബന്ധിച്ച വിവരങ്ങളും എംഎൽഎ പറഞ്ഞു.

തളിക്കുളം ഗ്രാമപഞ്ചായത്ത് അഞ്ചു വർഷക്കാലയളവിൽ നടപ്പിലാക്കിയ ഭരണനേട്ടങ്ങളുടെയും സംസ്ഥാന സർക്കാരിൻ്റെ വിവിധ വികസന നേട്ടങ്ങൾ ഉൾപ്പെടുത്തി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് തയ്യാറാക്കിയ വീഡിയോയും സദസ്സിൽ പ്രദർശിപ്പിച്ചു. പഞ്ചായത്തിൻ്റെ വികസന നേട്ടങ്ങളുടെ റിപ്പോർട്ട് പഞ്ചായത്ത് സെക്രട്ടറി പി.വി. ഷാബു അവതരിപ്പിച്ചു. കേരള സർക്കാരിൻ്റെ വികസന നേട്ടങ്ങളുടെ റിപ്പോർട്ട് റിസോഴ്സ് പേഴ്സൺ കെ.സി. സാബിറ അവതരിപ്പിച്ചു. സമഗ്രവികസനത്തിൻ്റെ മാതൃക തീർക്കുകയാണ് തൃശ്ശൂർ ജില്ലയിലെ തളിക്കുളം ഗ്രാമപഞ്ചായത്ത്. വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, കുടിവെള്ളം, വനിതാ ക്ഷേമം, മത്സ്യത്തൊഴിലാളി ക്ഷേമം ഏതു മേഖലയിൽ നോക്കിയാലും ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താനുള്ള പ്രവർത്തനങ്ങളിലൂടെ തളിക്കുളം മുന്നേറുകയാണ്.
വിദ്യാഭ്യാസരംഗത്ത് ബഡ്സ് സ്കൂൾ സംരംഭം പുതിയ ഭരണസമിതിയുടെ പ്രയജ്ഞത്തിൽ കുട്ടികൾക്കുള്ള പുതിയ പ്രതീക്ഷയായി മാറി. എട്ട് കുട്ടികളുമായി തുടങ്ങിയ ഈ പ്രയത്നം പതിനെട്ട് വയസ്സുവരെയുള്ള കുട്ടികൾക്കായുള്ള സമഗ്ര പഠനകേന്ദ്രമായി വളർന്നു. 2016 അപ്പോഴേക്കും 45 കുട്ടികൾ ആയി ഉയർന്നു. അവർക്കു വേണ്ട എല്ലാ സൗകര്യങ്ങളും, ആഹാരം, വാഹനം, ഉച്ചഭക്ഷണം തുടങ്ങിയവ നൽകുന്നു. കൂടാതെ, കുട്ടികൾക്ക് സ്കോളർഷിപ്പുകളും പെൻഷനും ലഭ്യമാക്കുന്നു. കലാകായിക മത്സരങ്ങളിൽ പങ്കെടുക്കാനും ആവശ്യമായ സാമ്പത്തിക സഹായവും സ്കൂൾ നൽകുന്നു. അതിലൂടെ അവരുടെ മികവ് വളർത്താനും ഉത്സാഹം പകരാനും പ്രധാനപങ്ക് വഹിക്കുന്നു.

ആരോഗ്യരംഗത്ത് തളിക്കുളം ഗ്രാമപഞ്ചായത്ത് സംസ്ഥാനതലത്തിലും ദേശീയതലത്തിലും ശ്രദ്ധേയമായ നേട്ടങ്ങൾ സ്വന്തമാക്കി. തൃശ്ശൂർ ജില്ലയിൽ നിന്നുള്ള ആദ്യത്തെ ആർദ്രകേരള പുരസ്കാരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത് തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിനാണ്. തുടർന്ന് ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരത്തിൻ്റെ അടിസ്ഥാനത്തിൽ ദേശീയ അംഗീകാരമായ എൻ ക്യു എ എസ് പുരസ്കാരവും, സംസ്ഥാനതലത്തിലെ കായകൽപ്പ പുരസ്കാരവും ലഭിച്ചു. 75 ലക്ഷം രൂപ ചെലവഴിച്ച് എം.എൽ.പി ഹെൽത്ത് സെന്റർ നവീകരിച്ചതോടെ പ്രാഥമിക ആരോഗ്യ സേവനങ്ങൾ കൂടുതൽ ഫലപ്രദമായി ലഭ്യമായി. ദിനംപ്രതി ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്നതിനൊപ്പം രോഗപ്രതിരോധ ക്യാമ്പുകൾ, സ്ത്രീ ആരോഗ്യ പരിശോധനകൾ, എയ്ഡ്സ് ബോധവത്ക്കരണം, എഫ്.എച്ച്.എൻ മിഷൻ തുടങ്ങിയ നിരവധി പ്രവർത്തനങ്ങളും നടന്നു വരുന്നു.
കുടിവെള്ള പദ്ധതിയിലൂടെയും തളിക്കുളം പഞ്ചായത്തിൻ്റെ പ്രവർത്തനങ്ങൾ ശ്രദ്ധേയമായി. വർഷങ്ങളായി നിലനിന്നിരുന്ന വിവിധ വാർഡുകളിലെ കുടിവെള്ള പ്രശ്നങ്ങൾക്ക് പൂര്ണപരിഹാരം കണ്ടെത്തി. 25 വാട്ടർ കിയോസ്കുകൾ സ്ഥാപിച്ച് ഗ്രാമത്തിലെ വീടുകളിലേക്ക് ശുദ്ധജലം എത്തിച്ചു. ഒരു കോടി രൂപയുടെ കുടിവെള്ള വികസന പ്രവർത്തനങ്ങൾ പഞ്ചായത്തിൽ പൂർത്തിയായി. വനിതാ ക്ഷേമ രംഗത്തും തളിക്കുളം പഞ്ചായത്ത് അഭിമാനമായി. വനിതാ ക്ഷേമ പദ്ധതികൾ മാതൃകാപരമായി നടപ്പിലാക്കിയതിന്റെ അടിസ്ഥാനത്തിൽ മിനിസ്ട്രി ഓഫ് പഞ്ചായത്തീരാജ് ദേശീയതലത്തിൽ തളിക്കുളം ഗ്രാമപഞ്ചായത്തിനെ മോഡൽ വുമൺ ഫ്രണ്ട്ലി ഗ്രാമപഞ്ചായത്തായി തെരഞ്ഞെടുത്തു. വനിതാശാക്തീകരണ പദ്ധതികളിലൂടെ നിരവധി കുടുംബങ്ങളുടെ ജീവിത നിലവാരം ഉയർത്താനും പഞ്ചായത്തിന് കഴിഞ്ഞു.
മത്സ്യ മേഖലയിൽ പഞ്ചായത്തിൻ്റെ ഇടപെടലുകളും പ്രശംസനീയമാണ്. മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ്പ്, ഫർണിച്ചർ വിതരണം ചെയ്തതോടൊപ്പം, തീരദേശ സുരക്ഷയ്ക്കായി ദുരന്തനിവാരണ ഉപകരണങ്ങൾ, മത്സ്യത്തൊഴിലാളികളുടെ വീടുകൾക്ക് അറ്റകുറ്റപണിയും, മത്സ്യബന്ധനത്തിന് ആവശ്യമായ തടി, വെള്ളം, മറ്റു സഹായങ്ങളായി പല വിതരണങ്ങളും നടപ്പിലാക്കി. പഞ്ചായത്ത് പ്രസിഡണ്ട് പി.ഐ. സജിത അധ്യക്ഷത വഹിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സി. പ്രസാദ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. അഹമ്മദ് എന്നിവർ മുഖ്യാതിഥികളായി. വൈസ് പ്രസിഡണ്ട് പി.കെ. അനിത, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എം. മെഹബൂബ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൾ നാസർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ മനോഹരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കല ടീച്ചർ, ലിന്റ സുഭാഷ് ചന്ദ്രൻ, ഭഗീഷ് പൂരാടൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഐ.എസ്. അനിൽകുമാർ, ഷാജി ആലുങ്ങൽ, സിംഗ് വാലത്ത്, അസിസ്റ്റന്റ് സെക്രട്ടറി എൻ. ഹരിചന്ദ്രൻ എന്നിവർ പങ്കെടുത്തു.



