THRISSUR

കേരള പൊലീസിലേക്ക് 413 ഉദ്യോഗസ്ഥർ കൂടി

രാമവർമപുരം: കേരള പോലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ വനിതാ പോലീസ് ബറ്റാലിയൻ 20 എ ബാച്ച്, കെ.എ.പി അഞ്ചാം ബറ്റാലിയൻ എന്നിവിടങ്ങളിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയ 413 പൊലീസ് ഉദ്യോഗസ്ഥർ സത്യപ്രതിജ്ഞ ചൊല്ലി സേനയുടെ ഭാഗമായി. രാമവർമപുരം കേരള പോലീസ് അക്കാദമി പരേഡ് ഗ്രൗണ്ടിൽ നടന്ന പാസിംഗ് ഔട്ട് പരേഡിൽ സംസ്ഥാന പൊലീസ് മേധാവി റവാഡ എ ചന്ദ്രശേഖർ മുഖ്യാതിഥിയായി അഭിവാദ്യം സ്വീകരിച്ചു. വനിതാ പോലീസ് ബറ്റാലിയൻ 20 എ ബാച്ചിൽ നിന്ന് 187 പരിശീലനാർഥികളും കെ.എ.പി അഞ്ചാം ബറ്റാലിയനിൽ പരിശീലനം പൂർത്തിയാക്കിയ 2025ലെ ആദ്യ ബാച്ചിലെ 226 പരിശീലനാർഥികളുമാണ് സത്യപ്രതിജ്ഞ ചൊല്ലി സേനയുടെ ഭാഗമായത്. വനിതാ പോലീസ് ബറ്റാലിയനിലെ പരിശീലനാർത്ഥികളിൽ ബെസ്റ്റ് ഇൻഡോർ ആയി അമൃത എം, ബെസ്റ്റ് ഷൂട്ടറായി ജ്യോതിലക്ഷ്മി, ബെസ്റ്റ് ഔട്ട്ഡോറും ബെസ്റ്റ് ആൾറൗണ്ടറുമായി പി. സീതാലക്ഷ്മി എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. കെ.എ.പി. അഞ്ചാം ബറ്റാലിയനിലെ പരിശീലനാർത്ഥികളിൽ ബെസ്റ്റ് ഇൻഡോർ ആയി ഷൈജു ടി ചാക്കോ, ബെസ്റ്റ് ഷൂട്ടറായി ആൽവിൻ കെ ശിവജി, ബെസ്റ്റ് ഔട്ട്ഡോർ ആയി അലൻ അഗസ്റ്റിൻ, ബെസ്റ്റ് ആൾറൗണ്ടറായി ആഷിക് സക്കീർ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. രാഗുൽ കുമാർ പി.ആർ ബെസ്റ്റ് ഇൻ സൈബർ പ്രൊഫിഷ്യൻസി ട്രോഫിക്ക് അർഹനായി.

ഒമ്പതുമാസക്കാലത്തെ അടിസ്ഥാന പരിശീലനത്തിൻ്റെ ഭാഗമായി ഇവർക്ക് ഔട്ട്ഡോർ വിഭാഗത്തിൽ പരേഡ്, ശാരീരികക്ഷമത പരിശീലനം എന്നിവയ്ക്ക് പുറമേ ഷീൽഡ് ആൻഡ് ലത്തി ഡ്രിൽ, വൺ മിനിറ്റ് ഡ്രിൽ, സെറിമോണിയൽ ഡ്രിൽ, മോബ് ഓപ്പറേഷൻ, ഒബ്സ്റ്റക്കിൾ കോഴ്സ്, ഫീൽഡ് ക്രാഫ്റ്റ് ആൻഡ് മാപ്പ് റീഡിംഗ്, ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ, കരാട്ടേ, യോഗ, നീന്തൽ, ഡ്രൈവിംഗ് എന്നിവയിലും വിദഗ്ധ പരിശീലനം നൽകിയിട്ടുണ്ട്. കൂടാതെ എസ്.ഒ.ജി (സ്പെഷ്യൽ ഓപറേഷൻ ഗ്രൂപ്പ് ) യുടെ കീഴിൽ കമാൻ്റോ ട്രെയിനിംഗ്, ഹൈ ആൾട്ടിറ്റ്യൂഡ് ട്രെയിനിംഗ്, കോസ്റ്റൽ സെക്യൂരിറ്റി ട്രെയിനിംഗ് എന്നിവയിലും അത്യാധുനിക ആയുധങ്ങളായ എ.കെ 47, ഇൻസാസ്, എസ്.എൽ.ആർ, എൽ.എം.ജി, ഗ്ലോക്ക് പിസ്റ്റൾ, 9 എംഎം പിസ്റ്റൾ, കാർബൈൻ എന്നിവയിൽ ഫയറിംഗ് പരിശീലനവും നൽകിയിട്ടുണ്ട്.

വനിതാ പോലീസ് പരിശീലനാർത്ഥികൾക്ക് കോസ്റ്റൽ സെക്യൂരിറ്റി പ്രായോഗിക പരിശീലനം തൃശ്ശൂർ സിറ്റിയിലെ മുനയ്ക്കകടവ് തീരദേശ പോലീസ് സ്റ്റേഷനിലും, കെ.എ.പി അഞ്ചാം ബറ്റാലിയനിലെ പോലീസ് പരിശീലനാർത്ഥികൾക്ക് കോസ്റ്റൽ പോലീസ് സ്റ്റേഷൻ കൊച്ചി, ആലപ്പുഴ അർത്തുങ്കൽ എന്നീ തീരദേശ പോലീസ് സ്റ്റേഷനുകളിലുമാണ് നൽകിയിട്ടുള്ളത്. രണ്ടുവിഭാഗത്തിനും ഇടുക്കിയിലെ കുട്ടിക്കാനത്ത് ഹൈ ആൾട്ടിട്ട്യൂഡ് പരിശീലനവും നൽകിയിട്ടുണ്ട്.

ഇന്‍ഡോര്‍ വിഭാഗത്തില്‍ ഇന്ത്യന്‍ ഭരണഘടന, ഭാരതീയ ന്യായ സന്‍ഹിത, ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിത, ഭാരതീയ സാക്ഷ്യ അധിനിയം, ഇന്ത്യന്‍ ശിക്ഷാ നിയമം, ക്രിമിനല്‍ നടപടി ക്രമം, തെളിവ് നിയമം, മറ്റ് നിയമങ്ങള്‍, പോലീസ് സ്റ്റേഷന്‍ മാനേജ്മെന്‍റ്, ട്രാഫിക്ക് മാനേജ്മെന്‍റ്, കേസന്വേഷണം, വി.ഐ.പി ബന്തവസ്സ്, ഇന്‍റേണല്‍ സെക്യൂരിറ്റി, ഡിസാസ്റ്റര്‍ മാനേജ്മെന്‍റ്, ഫോറന്‍സിക് സയന്‍സ്, ആർട്ടിഫിഷ്യൽ ഇൻ്റലീജൻസ് ഇൻ പോലീസിങ്, കമ്പാഷനേറ്റ് കമ്മ്യൂണിക്കേഷൻ ആർഡ് ഇൻ്റർവെൻഷൻ ബൈ പോലീസ് (സിസിഐപി), ഫോറന്‍സിക് മെഡിസിന്‍, കംപ്യൂട്ടര്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍, ക്രിമിനോളജി, പീനോളജി, വിക്ടിമോളജി, സ്ത്രീകള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍, ജെന്‍ഡര്‍ ന്യൂട്രല്‍സ് തുടങ്ങിയവരോടുള്ള പെരുമാറ്റം, പരിസ്ഥിതിക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയല്‍, ഫസ്റ്റ് എയ്ഡ് തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസ്സ് റൂം പരിശീലനവും ലഭ്യമായിട്ടുണ്ട്.
കൂടാതെ കേരളം സമീപകാലത്ത് നേരിട്ട പ്രളയകെടുതികള്‍ പോലുള്ള പ്രകൃതി ദുരന്തങ്ങളില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് വേണ്ടി ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് എന്ന വിഷയത്തില്‍ ഇവര്‍ക്ക് നാഷണല്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സിലെ വിദഗ്ദ്ധര്‍ പരിശീലനം നല്‍കിയിട്ടുണ്ട്.

സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന തരത്തിലുള്ള നവകേരള സൃഷ്ടിക്കായി പോലീസിന്‍റെ തൊഴില്‍ വൈദഗ്ദ്ധ്യം വര്‍ദ്ധിപ്പിക്കുന്നതിനും, പൊതുജനങ്ങളോടുള്ള പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനും പോലീസിന്‍റെ ആപ്തവാക്യമായ ‘മൃദു ഭാവേ ദൃഢ കൃത്യേ’ അന്വര്‍ത്ഥമാക്കുന്നതിനും ഉതകുന്ന രീതിയിലുള്ള പരിശീലനമാണ് പരിശീലന കാലയളവില്‍ നല്‍കിയിട്ടുള്ളത്. ആംഡ് പോലീസ് ബറ്റാലിയൻ എ.ഡി.ജി.പി. എസ്. ശ്രീജിത്ത്, ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (ട്രെയിനിങ്) ജി. ലക്ഷ്മണ, ആംഡ് പോലീസ് ബറ്റാലിയൻ ഡി.ഐ.ജി ഇൻ ചാർജ് ഡോ. അരുൾ ആർ.ബി കൃഷ്ണ, കേരള പോലീസ് അക്കാദമി അസിസ്റ്റൻ്റ് ഡയറക്ടർ (ട്രെയിനിംഗ്) കെ കെ മൊയ്തീൻകുട്ടി, കേരള ആംഡ് പോലീസ് വനിത ബറ്റാലിയൻ കമാണ്ടൻ്റ് മുഹമ്മദ് നദീം, കെ.എ.പി. അഞ്ചാം ബറ്റാലിയൻ കമാണ്ടൻ്റ് ഹരീഷ് ജെയിൻ എന്നിവരും സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു. കേരള പോലീസ് അക്കാദമി അസിസ്റ്റൻ്റ് ഡയറക്ടർ (ഔട്ട്ഡോർ) അജിത്ത്കുമാർ സി.പി. സേനാംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി. ഹരിശങ്കർ, ഇന്ത്യ റിസർവ്വ് ബറ്റാലിയൻ കമാണ്ടൻ്റ് പി. വാഹിദ് എന്നിവരും അക്കാദമിയിലെ മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥരും, പരിശീലനാർത്ഥികളുടെ ബന്ധുമിത്രാതികളും പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്തു.