എയ്ഡ്സ് ദിനാചരണം: ജില്ലാ തല ഉദ്ഘാടനം സംഘടിപ്പിച്ചു
തൃശൂർ: ലോക എയ്ഡ്സ് ദിനാചരണം ജില്ലാതല ഉദ്ഘാടനം ജില്ലാതല സംഘാടക സമിതി ചെയർമാനും ജില്ലാ കളക്ടറുമായ അർജുൻ പാണ്ഡ്യൻ നിർവ്വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം ) ഡോ. ടി.പി ശ്രീദേവി അധ്യക്ഷത വഹിച്ചു. സിറ്റി പോലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ് മുഖ്യാതിഥിയായി.
എച്ച്.ഐ.വി അണുബാധിതരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനും എച്ച്.ഐ.വി പ്രതിരോധത്തിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായാണ് ഈ ദിനം ആചരിക്കുന്നത്. ‘പ്രതിസന്ധികളെ അതിജീവിച്ച്, പ്രതിരോധ പ്രവർത്തനങ്ങൾ മുന്നോട്ട് ‘ എന്നതാണ് ഈ വർഷത്തെ ദിനാചരണ സന്ദേശം. ദിനാചരണത്തിൻ്റെ മുന്നോടിയായി നവംബർ 30ന് പ്രശസ്ത സിനി ആർട്ടിസ്റ്റും കാരിക്കേച്ചറിസ്റ്റും അവതാരകനുമായ ജയരാജ് വാര്യർ വടക്കും നാഥ ക്ഷേത്രം മൈതാനിയിലെ തെക്കേഗോപുരനടയിൽ റെഡ് റിബ്ബൺ ആകൃതിയിൽ ദീപം തെളിയിച്ചു.

തൃശൂർ ജില്ലയിലെ വിവിധ കോളേജുകളിലെ എൻ.എസ്.എസ് വളണ്ടിയർമാർ, റെഡ് റിബ്ബൺ ക്ലബ് അംഗങ്ങൾ എന്നിവർ അണിനിരക്കുന്ന വിളംബരറാലിയോട് കൂടിയാണ് ജില്ലാതല പരിപാടികൾക്ക് തുടക്കം കുറിച്ചത്. തൃശൂർ സർക്കിൾ ഇൻസ്പെക്ടർ എം ജെ ജിജോ വിളംബര റാലി ഫ്ലാഗ് ഓഫ് ചെയ്തു.

തൃശൂർ സെൻ്റ് മേരീസ് കോളേജിൽ സംഘടിപ്പിച്ച ദിനാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനത്തിൽ ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി. സജീവ് കുമാർ സന്ദേശം നൽകി. സെൻ്റ് മേരീസ് കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ. മീന കെ. ചെറുവത്തൂർ സി എം സി പ്രതിജ്ഞ ചൊല്ലി. ജില്ലാ എഡ്യൂക്കേഷൻ & മീഡിയ ഓഫീസർ സി.എം ശ്രീജ, ജില്ലാ നഴ്സിംഗ് ഓഫീസർ എം.എസ്. ഷീജ, ടെക്നിക്കൽ അസിസ്റ്റൻ്റ് കെ. ഗോപകുമാർ, എൻ.എസ്.എസ് പ്രോഗ്രാം ജില്ലാ കോർഡിനേറ്റർ രഞ്ജിത്ത് വർഗ്ഗീസ്, സെൻ്റ് മേരീസ് കോളേജ് എൻ എസ് എസ്. യൂണിറ്റ് നമ്പർ 44 ഡോ. മേബിൾ മെർലിൻ, സെൻ്റ് മേരീസ് കോളേജ് എൻ എസ് എസ്. യൂണിറ്റ് നമ്പർ 220 ജിജി ഫ്രാൻസീസ് ഇ, ദിശ പാലക്കാട് ക്ലസ്റ്റർ സി.എസ്.ഒ എം സപ്ന രാജ് തുടങ്ങിയവർ സംസാരിച്ചു. എച്ച്.ഐ.വി ബോധവത്കരണത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറി.



