അക്ഷരോന്നതി ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു
തൃശ്ശൂർ: അക്ഷരോന്നതി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി എസ് പ്രിൻസ് നിർവഹിച്ചു. പ്രമുഖ എഴുത്താൾ വിജയരാജമല്ലിക ആദ്യ പുസ്തകം ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യന് കൈമാറിക്കൊണ്ട് അക്ഷരോന്നതി പദ്ധതിക്ക് തുടക്കം കുറിച്ചു. തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ ജോയിൻ്റ് ഡയറക്ടർ ഡി. സാജു അധ്യക്ഷത വഹിച്ചു. പട്ടികജാതി, പട്ടിക വർഗ്ഗ വിഭാഗങ്ങളിൽ വായനാശീലം വളർത്തുന്നതിനും പുസ്തകങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിനും വേണ്ടി തദ്ദേശ സ്വയംഭരണ വകുപ്പ് തൃശ്ശൂർ ജില്ലാ ആർ.ജി.എസ്.എ യുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് അക്ഷരോന്നതി.

ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലായി സ്ഥിതി ചെയ്യുന്ന എട്ട് സാമൂഹ്യ പഠനമുറികളെയും 34 വിജ്ഞാനവാടികളിലേക്കും പുസ്തക ശേഖരണം നടത്തി “വായനയിലൂടെ ഉന്നതിയിലേക്ക്” എന്ന ആശയത്തെ മുൻ നിർത്തിക്കൊണ്ട് പട്ടിക വിഭാഗങ്ങളിൽ വായനാ സംസ്കാരം വളർത്തുക എന്നതാണ് ലക്ഷ്യം. തദ്ദേശ സ്വയംഭരണ വകുപ്പ് ട്രൈബൽ ഡെവലപ്‌മെൻ്റ് ഡിപ്പാർട്ട്മെൻ്റ്, പട്ടിക ജാതി വകുപ്പ്, വിദ്യാഭാസ വകുപ്പിൻ്റെയും ജില്ലയിലെ വിവിധ സാമൂഹിക സാംസ്‌കാരിക സന്നദ്ധ സംഘടനകളുടെ സഹകരണത്തോട് കൂടി രാഷ്ട്രീയ ഗ്രാം സ്വരാജ് അഭിയാൻ്റെ ഭാഗമായി ആസൂത്രണം ചെയ്യുന്ന പദ്ധതിയാണ് അക്ഷരോന്നതി.

കലക്ടറേറ്റ് എക്സിക്യൂട്ടീവ് ഹാളിൽ ചടങ്ങിൽ അസിസ്റ്റൻ്റ് കളക്ടർ സ്വാതി റാത്തോഡ്, എൽ എസ് ജി ഡി ഡെപ്യൂട്ടി ഡയറക്ടർ കെ. സിദ്ദീഖ്, ജില്ലാ പട്ടിക വർഗ്ഗ വികസന ഓഫീസർ എം. ശശി, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പി.എം ബാലകൃഷ്ണൻ, എൽ എസ് ജി ഡി ഇൻ്റേണൽ വിജിലൻസ് ഓഫീസർ പി എൻ വിനോദ് കുമാർ എന്നിവർ സംസാരിച്ചു. ജില്ലാ പ്രോജക്ട് മാനേജർ ശ്രുതി ശിവൻ, കമ്മ്യൂണിറ്റി ഡെവലപ്പ്മെൻ്റ് എക്സ്പേർട്ട് വിജയഘോഷ്, എൽ എസ് ജി ഡി ജീവനക്കാർ, വിവിധ ബ്ലോക്കിലെ ആർ ജി എസ് എ കോർഡിനേറ്റർമാർ, എസ് സി, എസ് ടി പ്രമോട്ടർമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.



