കേന്ദ്രീകൃത ജൈവ മാലിന്യ സംസ്കരണ പ്ലാൻ്റ് ഉദ്ഘാടനം നാളെ (31-05-2025)
സമ്പൂർണ മാലിന്യ സംസ്കരണം നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ ചാവക്കാട് നഗരസഭയിൽ ഒരു കോടി 15 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച കേന്ദ്രീകൃത ജൈവ മാലിന്യ സംസ്കരണ പ്ലാൻ്റ് പ്രവർത്തന സജ്ജമായി. നാളെ രാവിലെ 9:30ന് നഗരസഭയിലെ പരപ്പിൽതാഴത്ത് നടക്കുന്ന ചടങ്ങിൽ എൻ.കെ അക്ബർ എംഎൽഎയുടെ അധ്യക്ഷതയിൽ തദ്ദേശ സ്വയംഭരണ എക്സൈസ്, പാര്‍ലമെൻ്ററികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം നിർവഹിക്കും.
പരപ്പിൽതാഴത്തുള്ള 50 സെൻറ് സ്ഥലത്ത് 5,800 ചതുരശ്ര അടി വിസ്തൃതിയിലാണ് മാലിന്യ സംസ്കരണ പ്ലാൻ്റ് സജ്ജമാക്കിയിരിക്കുന്നത്. ദൈനംദിനം മൂന്ന് മെട്രിക് ടൺ വരെ ജൈവ മാലിന്യം സംസ്കരിക്കുന്നതിന് ശേഷിയുള്ള വിൻ്റ്റോ കമ്പോസ്റ്റ് പ്ലാൻ്റാണ് ഇവിടെ നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്. വിൻ്റ്റോ കമ്പോസ്റ്റ് പ്ലാന്റിലൂടെ ജൈവ മാലിന്യത്തെ തികച്ചും ശാസ്ത്രീയമായി സംസ്കരിച്ച് പോഷകസമൃദ്ധമായ ജൈവവളമാക്കി മാറ്റാം. ഇതുവഴി കാർഷിക മേഖലയ്ക്ക് കൂടി ഈ പ്ലാൻറ് സഹായകരമാകും.
ചടങ്ങിൽ ചാവക്കാട് നഗരസഭാ ശുചിത്വ അംബാസിഡർ പി.ടി കുഞ്ഞുമുഹമ്മദ് മുഖ്യാതിഥിയാകും. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, മറ്റു ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.




a5auar