THRISSUR

എൻ‌എഫ്‌ഡി‌പി രജിസ്ട്രേഷൻ നിർബന്ധമാക്കി കേന്ദ്ര സഹമന്ത്രി

വലപ്പാട്: രാജ്യത്തെ എല്ലാ മത്സ്യത്തൊഴിലാളികളും നാഷണൽ ഫിഷറീസ് ഡിജിറ്റൽ പ്ലാറ്റ്ഫോം (എൻ.എഫ്.ഡി.പി.) രജിസ്ട്രേഷൻ നിർബന്ധമായും പൂർത്തിയാക്കണമെന്ന് കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലുകളിൽ ഏർപ്പെട്ടിട്ടുള്ളവർക്കും വിവിധ ക്ഷേമ പദ്ധതികൾ നേരിട്ട് എത്തിക്കുന്നതിനായി രൂപീകരിച്ചിട്ടുള്ളതാണെന്നും യഥാർത്ഥ മത്സ്യത്തൊഴിലാളികൾക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങൾ ഉറപ്പാക്കാനാണ് പോർട്ടൽ രൂപീകരിച്ചതെന്നും മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി മത്സ്യ സമ്പദായോജന പദ്ധതി പ്രകാരം കേരളത്തിന് 1347 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചതെന്ന് മന്ത്രി അറിയിച്ചു. തൃശൂർ ജില്ലയിലെ ചേറ്റുവുൾപ്പെടെ എട്ട് ഹാർബറുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും കേരളത്തിലെ ഒമ്പത് തീരദേശ ഗ്രാമങ്ങളുടെ നവീകരണത്തിനുമായി പദ്ധതികൾ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിൽ ആറു ഗ്രാമങ്ങളെ കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കാൻ സാങ്കേതികമായി കരുത്തുള്ള തീരദേശ ഗ്രാമങ്ങളാക്കി മാറ്റാനും കേന്ദ്രം തിരഞ്ഞെടുത്തിട്ടുണ്ടെന്ന് ജോർജ് കുര്യൻ പറഞ്ഞു.

“കേരള സർക്കാർ ഫിഷറീസ് വകുപ്പിൻ്റെ സഹകരണത്തോടെയാണ് ഈ വികസന പദ്ധതികൾ നടപ്പിലാക്കുന്നത്. നവീകരിക്കുന്ന ഗ്രാമങ്ങളിൽ മത്സ്യ പ്രോസസ്സിംഗ് യൂണിറ്റുകൾ, മീൻ സൂക്ഷണത്തിനുള്ള ആധുനിക സംവിധാനങ്ങൾ, മത്സ്യ വിപണന കിയോസ്കുകൾ എന്നിവ ആരംഭിക്കുമെന്നും ഭാവിയിൽ എല്ലാ തീരദേശ ഗ്രാമങ്ങളും ഈ രീതിയിൽ വികസിപ്പിക്കുമെന്നും” മന്ത്രി പറഞ്ഞു. കേരള സർക്കാർ ഫിഷറീസ് വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ മത്സ്യബന്ധന വകുപ്പ് മുഖേന നടപ്പിലാക്കുന്ന വിവിധ കേന്ദ്ര ക്ഷേമ പദ്ധതികളെക്കുറിച്ച് മത്സ്യത്തൊഴിലാളികളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടുകൂടി സംഘടിപ്പിച്ച “ക്ഷേമ പദ്ധതികളുടെ പ്രചരണവും മത്സ്യത്തൊഴിലാളി സംഗമവും” വലപ്പാട് ബീച്ച് കുടിയമ്പുഴ ദേവസ്വം മൈതാനിയിൽ കേന്ദ്ര ഫിഷറീസ്, ക്ഷീരവികസന, ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു.

വലപ്പാട് ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് മെമ്പർ ഷൈൻ നെടിയിരിപ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേന്ദ്ര ഫിഷറീസ് ജോയിൻ്റ് സെക്രട്ടറി നീതു കുമാരി പ്രസാദ്, ഫിഷറീസ് ഡയറക്ടർ ചെൽസാനി വി, ജോയിൻ്റ് ഡയറക്ടർമാരായ ആശാ അഗസ്റ്റിൻ, ബേബി ഷീജ കോഹൂർ, ഡെപ്യൂട്ടി ഡയറക്ടർ സീമ എന്നിവരും ബിജെപി ജില്ലാ പ്രസിഡൻ്റ് ജസ്റ്റിൻ ജേക്കബ്, വാർഡ് മെമ്പർ രശ്മി ഷിജോ, മത്സ്യത്തൊഴിലാളി പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി തിരഞ്ഞെടുത്ത മത്സ്യത്തൊഴിലാളികൾക്ക് ട്രാൻസ്പോണ്ടറുകൾ, കിസാൻ ക്രെഡിറ്റ് കാർഡ്, എൻ.എഫ്.ഡി.പി. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ വിതരണവും കേന്ദ്ര മന്ത്രി നിർവഹിച്ചു. കൂടാതെ എൻ.എഫ്.ഡി.പി. സൗജന്യ രജിസ്ട്രേഷൻ സംവിധാനവും ചടങ്ങിൽ നടന്നു.