THRISSUR

ഭിന്നശേഷി ദിനാചരണം ചിറക് 2025 സംഘടിപ്പിച്ചു

ഒല്ലൂക്കര: സമഗ്ര ശിക്ഷാ കേരളം ജില്ലാതല ലോക ഭിന്നശേഷി ദിനാചരണം ‘ചിറക് 2025’ സംഘടിപ്പിച്ചു. ഒല്ലൂക്കര ബി ആർ സി യുടെ നേതൃത്വത്തിൽ നടന്ന ചടങ്ങ് ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു. ചീരാച്ചി കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ ഡിപിസി ഡോ. എൻ. ജെ ബിനോയ് അധ്യക്ഷത വഹിച്ചു. “സാമൂഹ്യ പുരോഗതിക്കായി ഭിന്നശേഷി സൗഹൃദ സമൂഹം വളർത്തിയെടുക്കുക” എന്ന ദിനാചരണ സന്ദേശം നിപ്മർ എക്സിക്യൂട്ടീവ് ഡയറക്ടർ സി. ചന്ദ്രബാബു വിശദീകരിച്ചു. “സമൂഹം ഒപ്പമുണ്ട്” എന്ന സന്ദേശം പകർന്ന് വിശിഷ്ടാതിഥികളും പ്രധാന അധ്യാപകരും ബിഗ് ക്യാൻവാസിൽ കയ്യൊപ്പ് ചാർത്തി ദിനാചരണത്തിൻ്റെ ഭാഗമായി.

സംസ്ഥാന തല ഭിന്നശേഷി പുരസ്കാരത്തിന് അർഹയായ പൂജാ രമേഷ്, ദേശീയ സംസ്ഥാന തലങ്ങളിൽ പുരസ്കാരങ്ങൾക്ക് അർഹനായ ശ്രേയസ് കിരൺ എന്നിവരെ ദിനാചരണത്തിൻ്റെ ഭാഗമായി ആദരിച്ചു. സംസ്ഥാനതല ഇൻക്ലൂസീവ് സ്പോർട്സ്, ജില്ലാ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവങ്ങൾ, ഉപജില്ല കലോത്സവം എന്നിവയിൽ മികവ് പുലർത്തിയ വിദ്യാർഥികളെയും അനുമോദിച്ചു. എസ് യൂ പി എസ് കൊഴുക്കുള്ളിയിലെ വിദ്യാർത്ഥികളുടെ ബാൻഡ് മേളവും ദിനാചരണ സന്ദേശം വിളിച്ചോതി ജി വി എച്ച് എസ് എസ് പുത്തൂരിലെ വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ് പ്രകടനവും എസ് പി സി, ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളുടെ സാന്നിധ്യവും സമ്മേളനത്തിന് മാറ്റുകൂട്ടി. പ്രത്യേക പരിഗണന അറിയിക്കുന്ന എല്ലാ കുട്ടികൾക്കും സമ്മേളനത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. എസ് എസ് കെ തൃശ്ശൂർ ഡി പി ഒ കെ ബി ബ്രിജി സ്വാഗതവും ഒല്ലൂക്കര ബിപിസി ഫേബ കെ ഡേവിഡ് നന്ദിയും പറഞ്ഞു. തൃശ്ശൂർ ജില്ലാ വിദ്യാ കിരണം കോർഡിനേറ്റർ എൻ കെ രമേഷ്, തൃശൂർ ഈസ്റ്റ്‌ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജീജ വിജയൻ എന്നിവർ സംസാരിച്ചു.