അപകടാവസ്ഥയിൽ ആയ കലുങ്ക് നിർമ്മാണം വേഗത്തിലാക്കാൻ കളക്ടർ നിർദ്ദേശം നൽകി
ആനമല – ചാലക്കുടി അന്തർ സംസ്ഥാന പാതയുടെ അപകടാവസ്ഥയിലുള്ള കലുങ്കിൻ്റെ നിർമ്മാണം എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിർദ്ദേശം.
നിലവിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി സ്ഥിരം പ്രവൃത്തികൾ എത്രയും പെട്ടെന്ന് ആരംഭിക്കണമെന്ന് കളക്ടർ നിർദ്ദേശിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാവുന്നത് വരെ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ റോഡിൽ താൽക്കാലിക സംവിധാനം വേഗത്തിൽ ഒരുക്കുവാനും കളക്ടർ നിർദ്ദേശം നൽകി. നിർമ്മാണത്തിന് വേണ്ട സൗകര്യങ്ങൾ ഒരുക്കുവാൻ വാഴച്ചാൽ ഡി.എഫ്.ഒ. യെ ചുമതലപ്പെടുത്തി. നിർമ്മാണത്തിൻ്റെ മൊത്തത്തിലുള്ള ഏകോപനം ഉറപ്പുവരുത്താൻ ഇരിങ്ങാലക്കുട ആർ.ഡി.ഒ. (റവന്യൂ ഡിവിഷണൽ ഓഫീസർ) യെ ചുമതലപ്പെടുത്തി.
റോഡിൻ്റെ അപകടാവസ്ഥ കണക്കിലെടുത്ത്, ആവശ്യമായ സുരക്ഷമുൻകരുതലുകൾ എടുത്ത് സ്ഥിരം പ്രവൃത്തികൾ എത്രയും പെട്ടെന്ന് ആരംഭിക്കണമെന്ന് കളക്ടർ പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകി. നിലവിലെ കൾവർട്ട് സഞ്ചാരയോഗ്യമാകുന്നതുവരെ താൽക്കാലിക സംവിധാനം ഏർപ്പെടുത്തണം. റോഡിൻ്റെ അപകടാവസ്ഥ പരിഗണിച്ച്, നിലവിൽ കമ്മട്ടി ഭാഗത്ത് ( സി.എച്ച്.54/200) കൾവർട്ട് ഇടിഞ്ഞതിനെ തുടർന്ന് നവംബർ 22 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത് തുടരും. ജില്ലാ കളക്ടർ നിയോഗിച്ച സംയുക്ത സമിതി സ്ഥലം സന്ദർശിച്ച് നിലവിൽ പ്രദേശത്തുള്ള ഭീഷണി സാഹചര്യം വിലയിരുത്തും.
നിലവിലെ റോഡിൻ്റെ അപകടാവസ്ഥ കണക്കിലെടുത്ത് ചാലക്കുടി ഭാഗത്തുനിന്നുള്ള ഭാരവാഹനങ്ങളും ലോഡ് കയറ്റി വരുന്ന മറ്റ് ചെറുവാഹനങ്ങളും വാഴച്ചാൽ ചെക്ക്പോസ്റ്റ് വരെ മാത്രമേ യാത്ര അനുവദിക്കൂ. തമിഴ്നാട്ടിൽ നിന്നുള്ള ഭാരവാഹനങ്ങൾക്കും ലോഡ് കയറ്റി വരുന്ന മറ്റ് ചെറുവാഹനങ്ങൾക്കും മലയ്ക്കപ്പാറ വരെ മാത്രമേ യാത്ര അനുവദിക്കൂ. കെ എസ് ആർ ടി സി, പ്രൈവറ്റ് യാത്രാബസുകൾ, ടെമ്പോ ട്രാവലറുകൾ എന്നിവയ്ക്ക് കമ്മട്ടി ഭാഗത്ത് യാത്രക്കാരെ ഇറക്കി വാഹനം മാത്രം കൾവർട്ടിലൂടെ മറുവശത്ത് എത്തിച്ച് യാത്ര തുടരാനും ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് വാഴച്ചാൽ മുതൽ മലയ്ക്കപ്പാറ വരെ യാത്ര തുടരാനും അനുമതിയുണ്ട്.
നിർമ്മാണം നടക്കുന്ന സ്ഥലത്തിന് മുൻപേ തന്നെ സൂചനാബോർഡുകൾ സ്ഥാപിക്കുന്നതിനും ആവശ്യത്തിന് സുരക്ഷാസംവിധാനം ഏർപ്പെടുത്തുന്നതിനും പൊതുമരാമത്തുവകുപ്പ് നടപടി സ്വീകരിക്കണം. കൂടാതെ, കൃത്യമായ ഡ്രെയ്നേജ് സംവിധാനം ഏർപ്പെടുത്തേണ്ടതും മണ്ണിടിച്ചിൽ ഭീഷണിയുള്ള സ്ഥലങ്ങളിൽ ആവശ്യമായ മുൻകരുതൽ നടപടി സ്വീകരിക്കേണ്ടതുമാണ്. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്ന വിവരം തമിഴ്നാട് പൊതുമരാമത്തുവകുപ്പ് റോഡ്സ് വിഭാഗവുമായി ബന്ധപ്പെട്ട് ഏകോപനം നടത്തുന്നതിനും പൊതുമരാമത്തുവകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് കളക്ടർ നിർദ്ദേശം നൽകി. റൂറൽ എസ് പി ബി കൃഷ്ണകുമാർ, ഗതാഗത വകുപ്പ് , പൊതുമരാമത്ത് വകുപ്പ്, വനം വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.



