പുത്തൂർ കുരിശ്മൂല- തോണിപ്പാറ ബിഎം ബിസി റോഡ് നിർമ്മാണം തുടങ്ങി
പുത്തൂർ : വികസനത്തിൻ്റെ പുത്തനധ്യായങ്ങൾ രചിച്ച സംസ്ഥാന സർക്കാരിൻ്റെ നവകേരള സദസ്സ് കൊണ്ട് എന്ത് നേട്ടം എന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളിൽ ഒന്നാണ് പുത്തൂർ സുവോളജിക്കൽ പാർക്കിന് മുന്നിലൂടെയുള്ള കുരിശുമൂല – കോണിപ്പാറ റോഡിനുള്ള ഏഴ് കോടി രൂപയുടെ നിർമ്മാണാനുമതിയെന്ന് മന്ത്രി കെ രാജൻ. റോഡിൻ്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് പുത്തൂരിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പുത്തൂരിൽ നടക്കേണ്ടിയിരുന്ന നവകേരള സദസ് കോടതി വ്യവഹാരത്തിലൂടെ മറ്റൊരിടത്തേക്ക് മാറ്റി നടത്തേണ്ടി വന്നെങ്കിലും നവകേരള സദസ് അനുവദിച്ച പദ്ധതികളുടെ നേട്ടം പുത്തൂരിനാണ് ഉണ്ടായത്. 2.3 കിലോമീറ്റർ ദൂരമാണ് ബിഎം ബിസിയായി നിർമ്മിക്കുന്നത്. നവകേരള സദസ്സിൻ്റെ ഭാഗമായി ജില്ലയിൽ അനുവദിക്കപ്പെട്ട റോഡുകളിൽ നിർമ്മാണം തുടങ്ങുന്ന ആദ്യ റോഡാണ് ഇത്.

സുവോളജിക്കൽ പാർക്കിൻ്റെ ഭാഗമായ പെറ്റിങ് സൂവിലേക്ക് പ്രവേശിക്കാവുന്ന ചിപ്പിങ് കാർപ്പറ്റ് നിലവാരത്തിലുള്ള ഈ റോഡിൻ്റെ നിർമ്മാണം ഫെബ്രുവരി മാസത്തോടെ പൂർത്തിയാക്കും. പുത്തൂരിലെ തന്നെ വലക്കാവ് റോഡിൻ്റെ ബിഎം ബിസി നിലവാരത്തിലുള്ള നിർമ്മാണം ജനുവരിയിൽ പൂർത്തിയാകും. ഇതോടെ ലോക സഞ്ചാരികൾ ഉൾപ്പടെ കടന്നു വരുന്ന പുത്തൂരിൻ്റെ പാതകൾ എല്ലാം ആധുനിക നിലവാരത്തിലായിക്കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്ത്, സംസ്ഥാന ബജറ്റ്, കിഫ്ബി, നബാർഡ് തുടങ്ങി പ്രത്യേക അനുമതിയിലടക്കം മണ്ഡലത്തിലെ നിരവധി റോഡുകൾ പുനരുദ്ധരിച്ചു കൊണ്ടിരിക്കുകയാണ്. എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉൾപ്പടെ വിനിയോഗിച്ച് മുഴുവൻ റോഡുകളും പുത്തനാക്കി. മറ്റനേകം വികസന പ്രവർത്തനങ്ങളും പൂർത്തിയാക്കുകയും പുരോഗമിക്കുകയും ചെയ്യുന്നുണ്ടെന്നും മന്ത്രി കെ രാജൻ പറഞ്ഞു. പുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മിനി ഉണ്ണികൃഷ്ണൻ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പത്തായത്തംഗം പി ബി സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സിനി പ്രദീപ് കുമാർ, പി എസ് ബാബു, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി എസ് സജിത്ത് തുടങ്ങിയവർ സംസാരിച്ചു.



