THRISSUR

വലപ്പാട് കുരുശുപ്പള്ളി റോഡ് ദുരവസ്ഥയ്‌ക്കെതിരെ വ്യത്യസ്ത സമരം, കാലൻ കുഴികളിൽ നിന്നും മുന്നറിയിപ്പ് നൽകി

വലപ്പാട്: വലപ്പാട് കുരുശുപ്പള്ളിയിലെ തകർന്ന റോഡിൻ്റെ ദുരവസ്ഥയിലേക്ക് ശ്രദ്ധ തിരിക്കാനായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ വ്യത്യസ്തമായ രീതിയിൽ പ്രതിഷേധം സംഘടിപ്പിച്ചു. “കുരുശുപ്പള്ളിയിൽ കുഴികളിൽ നിന്ന് ഞാൻ (മരണം) പതുങ്ങിയിരിപ്പുണ്ട് – നിങ്ങളുടെ സ്വന്തം കാലൻ” എന്ന ആക്ഷേപാത്മക സന്ദേശമുള്ള ഫ്ലക്സ് പിടിച്ച് ആണ് യൂത്ത് കോൺഗ്രസ് സമരം നടത്തിയത്. കാലൻ്റെ പ്രതികാത്മക വേഷവും കുഴികളിൽ അപകടമുണ്ട് എന്ന് അറിയിക്കാൻ വിളംബരമായി ചെണ്ടകൊട്ടും ഉണ്ടായിരുന്നു. റോഡിലേക്ക് ഇറങ്ങിയ പ്രവർത്തകർ ഓരോ യാത്രക്കാരോടുംകുഴികൾ ഉണ്ട് എന്നും അപകടം ഉണ്ട് എന്നും യുത്ത് കോൺഗ്രസ് പ്രവർത്തകർ അറിയിപ്പായി പറഞ്ഞു.

നാഷ്ണൽ ഹൈവേ അതോറിറ്റിയുടെ ഉദ്യോഗസ്ഥരും വലപ്പാട് പഞ്ചായത്ത് പ്രസിഡണ്ടും ഇതിലൂടെ ദിനം പ്രതി കടന്ന് പോകുന്നുണ്ട്. പഞ്ചായത്തിൻ്റെ മുന്നിലും പ്രതിഷേധമുണ്ടായി. ഫലമില്ലാതെ വന്നപ്പോൾ ആണ് യൂത്ത് കോൺഗ്രസ് വ്യത്യസ്ത പ്രതിഷേധവുമായി ഇറങ്ങിയത്. നിരവധി തവണ പ്രതിഷേധങ്ങൾ നടത്തിയിട്ടും കാര്യമായ മാറ്റമൊന്നുമുണ്ടായില്ലെന്ന് പ്രവർത്തകർ ആരോപിച്ചു.

വ്യത്യസ്തമായ പ്രതിഷേധം ഡിസിസി ജനറൽ സെക്രട്ടറി ശോഭ സുബിൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് യദുകൃഷ്ണൻ അന്തിക്കാട് അധ്യക്ഷത വഹിച്ചു. ചെണ്ടമേളവും, കുഴികളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്ന പ്രചാരണങ്ങളും പ്രതിഷേധത്തിനൊപ്പമുണ്ടായിരുന്നു.

സന്തോഷ് മാസ്റ്റർ, അശ്വിൻ ആലപ്പുഴ, റാനിഷ് നാട്ടിക, യദുകൃഷ്ണൻ ആലപ്പാട്, സന്ദീപ് ആലപ്പാട്, സചിത്രൻ തീയൽ, നൗഷാദ് ഇബ്രാഹിം, ഡേവിസ് വാഴപ്പിള്ളി, ശ്രീജിൽ എ.എസ്, അഭിലാഷ് തേവർക്കാട്ടിൽ, ശ്യം ചന്ദൻ, സലിം എം.എ എന്നിവർ സംസാരിച്ചു.