കഴിമ്പ്രം വാഴപ്പുള്ളി ക്ഷേത്രത്തിൽ 500 നിർധന കുടുംബങ്ങൾക്ക് അരികിറ്റ് വിതരണം
കഴിമ്പ്രം: വാഴപ്പുള്ളി ശ്രീ രാജ രാജേശ്വരി ക്ഷേത്രത്തിൽ പ്രൊ. ഉത്പലാക്ഷൻ മാസ്റ്ററുടെ സ്മരണാർത്ഥം 500 നിർധന കുടുംബങ്ങൾക്ക് അരികിറ്റും, 200 വിദ്യാർത്ഥികൾക്ക് നോട്ട് പുസ്തകങ്ങളും വിതരണം ചെയ്തു. ക്ഷേത്ര ഭരണസമിതിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി പി മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സി പി സാലിഹ് വിതരണോദ്ഘാടനം നിർവഹിച്ചു. 38 വർഷത്തെ അംഗനവാടി സേവനത്തിനുശേഷം വിരമിച്ച തങ്കമണിടീച്ചറെ ചടങ്ങിൽ ആദരിച്ചു. കല്യാൺ ഉൽപ്പലാക്ഷൻ അരി വിതരണത്തിനും, ഷൈൻ പട്ടാലി കുട്ടികൾക്കായുള്ള ജേഴ്സിക്കും ഉള്ള ചിലവ് വഹിച്ചു. ഷംനാസ് ഷെരീഫ് (ജനറൽ സെക്രട്ടറി, കരയാമുട്ടം ജുമാ മസ്ജിദ് മഹല്ല്), മുഹമ്മദ് പുളിക്കവീട് (കഴിമ്പ്രം കാഞ്ഞിരപ്പള്ളി കമ്മിറ്റി), ട്രഷറർ വി.കെ. ഹരിദാസൻ എന്നിവർ സംസാരിച്ചു. വട്ടപ്പരത്തി മണപ്പുറം ടെറഫിൽ നടന്ന 12 വയസ്സിന് താഴെയുള്ള കുട്ടികളുടെ ഫുട്ബോൾ ടൂർണമെന്റിൽ രണ്ടാം സ്ഥാനം നേടിയ ക്ഷേത്ര മൈതാനത്ത് പരിശീലനം നടത്തുന്ന കുട്ടികൾക്ക് വാഴപ്പുള്ളി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ജേഴ്സി നൽകി ആദരിച്ചു. ക്ഷേത്ര വനിതാ സംഘ അംഗമായ തങ്കമണി ടീച്ചർ സ്വാഗതവും സെക്രട്ടറി വി.ആർ. രാധാകൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി.



