തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചു; ഷഹനയ്ക്ക് കൈത്താങ്ങായി ദുബായ് ഇൻകാസ്
വെള്ളാങ്ങല്ലൂർ: അപകടത്തെത്തുടർന്ന് നട്ടെല്ലിന് ക്ഷതം സംഭവിച്ച് ചലനശേഷി നഷ്ടപ്പെട്ട വെള്ളാങ്ങല്ലൂർ പഞ്ചായത്ത് അഞ്ചാം വാർഡ് സ്വദേശിനി ഷഹനയ്ക്ക് ഇനി ഇലക്ട്രിക് വീൽചെയറിൽ സ്വതന്ത്രമായി സഞ്ചരിക്കാം. തിരഞ്ഞെടുപ്പ് വേളയിൽ നൽകിയ വാഗ്ദാനം പാലിച്ചുകൊണ്ട് ദുബായ് ഇൻകാസ് ആണ് ഷഹനയ്ക്ക് വീൽചെയർ കൈമാറിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഷഹനയുടെ വീട്ടിലെത്തിയ മല്ലിക ആനന്ദനും സഹപ്രവർത്തകരുമാണ് ഷഹനയുടെ അവസ്ഥ മനസ്സിലാക്കിയത്. തുടർന്ന് അവർക്ക് ഒരു ഇലക്ട്രിക് വീൽചെയർ സംഘടിപ്പിച്ചു നൽകാമെന്ന് മല്ലിക ആനന്ദൻ ഉറപ്പ് നൽകിയിരുന്നു. ഈ വിവരം അറിഞ്ഞ ആരിഷ് അബൂബക്കറിന്റെ നേതൃത്വത്തിലുള്ള ദുബായ് ഇൻകാസ് യൂണിറ്റ് ഈ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. ഇൻകാസ് തൃശൂർ ജില്ലാ ഗ്ലോബൽ കോ-ഓർഡിനേഷൻ ചെയർമാൻ എൻ.പി. രാമചന്ദ്രൻ, കോ-ഓർഡിനേറ്റർ ചന്ദ്രപ്രകാശ് ഇടമന എന്നിവർ ചേർന്ന് ഇലക്ട്രിക് വീൽചെയർ ഷഹനയ്ക്ക് കൈമാറി.

ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഇ.എസ്. സാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം അയൂബ് കരൂപ്പടന്ന, കോൺഗ്രസ് നേതാക്കളായ ധർമ്മജൻ വില്ലേടത്ത്, എ. ചന്ദ്രൻ, റസിയ അബു തുടങ്ങിയവർ പങ്കെടുത്തു.



