ജനസാഗരമായി കുവൈറ്റ് കെഎംസിസി കോഴിക്കോട് ജില്ലാ സമ്മേളനം; ഷാഫി പറമ്പിലും പി.കെ ഫിറോസും ആവേശം വിതറി
കുവൈറ്റ് : പ്രമുഖ നേതാക്കളുടെ സാന്നിധ്യവും പ്രവർത്തകരുടെ വൻ പങ്കാളിത്തവും കൊണ്ട് കുവൈറ്റ് കെഎംസിസി കോഴിക്കോട് ജില്ലാ സമ്മേളനം ശ്രദ്ധേയമായി. അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ ‘സി.എച്ച് നഗറിൽ’ വെച്ചായിരുന്നു സമ്മേളനം നടന്നത്. വൈറ്റ് ഗാർഡിന്റെ ഗാർഡ് ഓഫ് ഹോണറോടെ ആരംഭിച്ച സമ്മേളനം മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ അധ്യക്ഷൻ എം.എ റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അസീസ് തിക്കോടി അധ്യക്ഷത വഹിച്ചു.
രാഷ്ട്രീയ കരുത്ത് വിളിച്ചോതി നേതാക്കൾ
സമ്മേളനത്തിൽ മുഖ്യാതിഥികളായി എത്തിയ വടകര എം.പി ഷാഫി പറമ്പിൽ, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് എന്നിവരുടെ പ്രസംഗങ്ങൾ പ്രവർത്തകർക്ക് ആവേശം പകർന്നു.

പിണറായി സർക്കാരിന്റെ ഭരണ പരാജയങ്ങളെ നിശിതമായി വിമർശിച്ച നേതാക്കൾ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടി അധികാരത്തിൽ തിരിച്ചുവരുമെന്ന ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

നാട്ടിൽ നിന്നെത്തിയ അതിഥികളെ ജില്ലാ ഭാരവാഹികളായ അസീസ് തിക്കോടി, അസീസ് പേരാമ്പ്ര, ഇസ്മായിൽ സൺഷൈൻ, വി.പി അബ്ദുള്ള എന്നിവർ ആദരിച്ചു.
പ്രഖ്യാപനങ്ങളും ഉപഹാര സമർപ്പണവും
സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക സപ്ലിമെന്റ് വൈസ് പ്രസിഡന്റ് അലി അക്ബറിന് നൽകി റസാഖ് മാസ്റ്റർ പ്രകാശനം ചെയ്തു. സെക്രട്ടറി സാദിഖ് ടി.വി വിദ്യാഭ്യാസ പദ്ധതിയുടെ പ്രഖ്യാപനവും യൂസുഫ് പൂനത്ത് ആദ്യ ഫണ്ട് കൈമാറ്റവും നിർവ്വഹിച്ചു.
പ്രധാന സ്പോൺസർമാരായ ഡോ. റംഷാദ്, മൻസൂർ ചൂരി, ഹമീദ് പേരാമ്പ്ര, ഷാഹിൽ, അയ്യൂബ് കച്ചേരി, ക്വാളിറ്റി മുസ്തഫ, മുഹമ്മദലി, ആബിദ് എന്നിവർക്കുള്ള ഉപഹാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.

മത്സരവിജയികൾക്ക് ആദരം
സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികളെ ചടങ്ങിൽ അനുമോദിച്ചു:
ക്വിസ് മത്സരം: മുസമ്മിൽ (ഒന്നാം സ്ഥാനം)
മെഹന്തി മത്സരം, ‘സ്പീക്ക്-അപ്പ്’ പ്രസംഗ മത്സരം എന്നിവയിലെ വിജയികൾക്കും സമ്മാനങ്ങൾ നൽകി.
കുവൈറ്റ് കെഎംസിസി സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസർ അൽ മശ്ഹൂർ തങ്ങൾ, ആക്ടിങ് ജനറൽ സെക്രട്ടറി സലാം ചെട്ടിപ്പടി, ട്രഷറർ ഹാരിസ് വള്ളിയോത്ത്, ഒഐസിസി പ്രസിഡന്റ് സാമൂവൽ കാട്ടൂകാലീക്കൽ എന്നിവർ ആശംസകൾ നേർന്നു. ഉപദേശകസമിതി നേതാക്കളായ ടി.ടി സലീം, ബഷീർ ബാത്ത, സിദ്ദീഖ് വലിയകത്ത്, വനിതാ വിംഗ് ഭാരവാഹികളായ ഡോ. സഹീമ മുഹമ്മദ്, ഫസീല ഫൈസൽ, ഫാത്തിമ അബ്ദുൽ അസീസ് തുടങ്ങിയവർ സംബന്ധിച്ചു.
മുഹമ്മദ് താഹയുടെ ഖിറാഅതോടെ തുടങ്ങിയ സമ്മേളനത്തിന് ജനറൽ സെക്രട്ടറി അസീസ് പേരാമ്പ്ര സ്വാഗതവും വൈസ് പ്രസിഡന്റ് കോയ വളപ്പിൽ നന്ദിയും പറഞ്ഞു. ഇസ്മായിൽ വള്ളിയോത്, റഷീദ് ഉള്ളിയേരി, സലാം നന്തി, യാസർ, താഹ കോട്ടക്കൽ, സലീം ഹാജി, റഷീദ് കല്ലൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.



