THRISSUR

വടക്കേത്തറ എല്‍.പി സ്‌കൂളില്‍ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു

വടക്കേത്തറ: വടക്കേത്തറ വിദ്യാകിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന പഴയന്നൂര്‍ വടക്കേത്തറ ഗവ. എല്‍.പി സ്‌കൂള്‍ കെട്ടിടത്തിൻ്റെ നിര്‍മ്മാണോദ്ഘാടനം കെ. രാധാകൃഷ്ണന്‍ എം.പി നിര്‍വ്വഹിച്ചു. യു.ആര്‍ പ്രദീപ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം അഷ്റഫ്, പഞ്ചായത്ത് പ്രസിഡണ്ട് പി.കെ മുരളീധരന്‍ എന്നിവര്‍ മുഖ്യാതിഥികളായി. വടക്കാഞ്ചേരി പൊതുമരാമത്ത് കെട്ടിട ഉപ വിഭാഗം അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ സാൻ്റോ സെബാസ്റ്റ്യന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. രണ്ട് നിലകളിലായി മൂന്ന് ക്ലാസ് മുറികളും ഹാളും വരാന്തയും ശുചിമുറികളും അടക്കം 2,900 സ്‌ക്വയര്‍ ഫീറ്റിലാണ് പുതിയ സ്‌കൂള്‍ കെട്ടിടത്തിൻ്റെ നിര്‍മ്മാണം വിഭാവനം ചെയ്യുന്നത്.

ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങളായ കെ.പി ശ്രീജയന്‍, കെ.എ ഹംസ, പഞ്ചായത്ത് അംഗങ്ങളായ എ. സൗഭാഗ്യവതി, പി. ജയപ്രകാശ്, ടി. സന്തോഷ്, വി. ലതിക, പി.ടി.എ പ്രസിഡണ്ട് ബി. പ്രമോദ്, കെ.കെ സുധീഷ്, പ്രധാനാധ്യാപിക കെ. ഗിരിജ എന്നിവര്‍ പങ്കെടുത്തു.