THRISSUR

‘ഗെറ്റ് സെറ്റ് തൃശ്ശൂർ’ 15 സ്കൂളുകൾക്ക് 7 ലക്ഷം രൂപയുടെ കായിക കിറ്റുകൾ കൈമാറി

തൃശ്ശൂർ: ജില്ലയിലെ വിദ്യാർത്ഥികളുടെ കായിക രംഗത്തെ സ്വപ്നങ്ങൾക്ക് കരുത്തേകാൻ ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച ‘ഗെറ്റ് സെറ്റ് തൃശ്ശൂർ’ പദ്ധതിക്ക് കൂടുതൽ പിന്തുണ. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 15 സർക്കാർ വിദ്യാലയങ്ങൾക്ക് കായിക ഉപകരണങ്ങൾ വാങ്ങുന്നതിനായി കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സി.എസ്.ആർ) ഫണ്ടിൽ നിന്നും 7 ലക്ഷം രൂപ കൈമാറി. കളക്ടറേറ്റ് ഐ.എൽ.ഡി.എം ഹാളിൽ നടന്ന ചടങ്ങിൽ, നിറ്റാ ജലാറ്റിൻ ഇന്ത്യാ ലിമിറ്റഡ് കമ്പനിയുടെ സി.എസ്.ആർ ഫണ്ടിൽ നിന്നും സ്പോൺസർ ചെയ്ത ഏഴ് ലക്ഷം രൂപയുടെ ചെക്ക് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ വിതരണം ചെയ്തു.

‘മീറ്റ് ദി കളക്ടർ’ പരിപാടിയിൽ പങ്കെടുത്ത് കായിക കിറ്റുകൾ നൽകണമെന്ന് അഭ്യർത്ഥിച്ച സ്കൂളുകൾക്കാണ് ഈ സഹായം ലഭിച്ചത്. വിദ്യാർത്ഥികളിൽ കായികക്ഷമതയും കായിക സംസ്കാരവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കളക്ടറുടെ നേതൃത്വത്തിൽ ‘ഗെറ്റ് സെറ്റ് തൃശ്ശൂർ’ പദ്ധതി നടപ്പിലാക്കുന്നത്. കായിക മേഖലയ്ക്ക് വിവിധ സ്ഥാപനങ്ങളുടെ സി.എസ്.ആർ ഫണ്ടുകൾ വഴി ഇതിനോടകം 25 ലക്ഷം രൂപയുടെ പിന്തുണയാണ് ജില്ലാ ഭരണകൂടത്തിന് ലഭിച്ചത്. ഇതിനു മുന്നോടിയായി 11 സ്കൂളുകൾക്ക് സൈക്കിളുകളും പോൾവാൾട്ടും ഉൾപ്പെടെ 11 ലക്ഷം രൂപയുടെ കായിക കിറ്റുകൾ സി.എസ്.ആർ ഫണ്ട് വഴി നൽകിയിരുന്നു. കൂടാതെ, കെ.എസ്.എഫ്.ഇയുടെ സി.എസ്.ആർ സഹായത്തോടെ സെൻ്റ് ആൻസ് സ്കൂളിന് 7.5 ലക്ഷം രൂപയുടെ ബാസ്‌കറ്റ്‌ബോൾ കോർട്ടിനുള്ള സഹായവും ലഭ്യമാക്കി. മറ്റു സി.എസ്.ആർ ഫണ്ടുകൾ ഉപയോഗിച്ചും കായിക മേഖലയ്ക്ക് പിന്തുണ നൽകിയിട്ടുണ്ട്. ജില്ലയിലെ കായിക മേഖലയ്ക്ക് കൂടുതൽ വളർച്ച കൈവരിക്കാൻ കൂട്ടായ പ്രവർത്തനം ആവശ്യമാണെന്ന് കളക്ടർ അഭിപ്രായപ്പെട്ടു.

വിവിധ സ്ഥാപനങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതാ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഫണ്ട് വിനിയോഗിച്ചാണ് ‘ഗെറ്റ് സെറ്റ് തൃശ്ശൂർ’ പദ്ധതി നടപ്പിലാക്കുന്നത്. സ്കൂളുകളിലേക്ക് ആവശ്യമായ കായിക കിറ്റ് വിതരണം, മാരത്തോൺ, സൈക്ലിംഗ് തുടങ്ങിയ കായിക ഇനങ്ങളുടെ സംഘാടനം എന്നിവ കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂൾ ഗ്രൗണ്ടുകൾ വികസിപ്പിക്കാനും പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഓഫീസ് സമയത്തിന് ശേഷം ജീവനക്കാർക്കിടയിൽ കായികക്ഷമത പ്രോത്സാഹിപ്പിക്കുന്നതിനായി ആയുഷ് വകുപ്പിൻ്റെ പിന്തുണയോടെ ‘ഗെറ്റ് സെറ്റ് സിവിൽ സ്റ്റേഷൻ’ പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. ഇതിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.


ഓരോ മാസവും ഏതെങ്കിലും ഞായറാഴ്ച ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കായികവും ഫിറ്റ്നസും പ്രോത്സാഹിപ്പിക്കാൻ വേണ്ടി ‘കളക്ടറോടൊപ്പം ഓടാം’ എന്ന പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. ഇതിനോടകം പാലപ്പള്ളി, ഇരുനിലംകോട്, മാള, കേച്ചേരി, ചാവക്കാട് എന്നിവിടങ്ങളിൽ ഈ പരിപാടി നടത്തിക്കഴിഞ്ഞു. അതിൻ്റെ അഞ്ചാം പതിപ്പാണ് കേച്ചേരിയിൽ നടന്നത്. കൂടാതെ, രണ്ടാമത് തൃശ്ശൂർ കൾച്ചറൽ ക്യാപിറ്റൽ മാരത്തോൺ 2026 ജനുവരി 25-ന് സംഘടിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ചടങ്ങിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് ഗീതാമണി, നിറ്റാ ജലാറ്റിൻ ഇന്ത്യാ ലിമിറ്റഡിൻ്റെ ഡിവിഷൻ ഹെഡ് പോളി സെബാസ്റ്റ്യൻ, സി.എസ്.ആർ മാനേജർ എബി. നെൽസൺ, അധ്യാപകർ, വിദ്യാർത്ഥികൾ, പി.ടി.എ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.