നാടിൻ്റെ ശുചിത്വ സൈന്യമാണ് ഹരിത കർമ്മ സേന: മന്ത്രി എം.ബി രാജേഷ്
വേലൂർ ഗ്രാമ പഞ്ചായത്ത് പുതിയ കെട്ടിടം മന്ത്രി നാടിന് സമർപ്പിച്ചു
നാടിൻ്റെ ശുചിത്വ സൈന്യമാണ് ഹരിത കർമ്മ സേനയെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. വേലൂർ ഗ്രാമപഞ്ചായത്ത് പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 2024-25 ൽ ഹരിത കർമ്മ സേനാംഗങ്ങൾ വീടുകളിൽ നിന്നും കടകളിൽ നിന്നും ശേഖരിച്ച മാലിന്യത്തിൻ്റെ അളവ് 1,52,000 ടണ്ണാണ്. ഹരിത കർമ്മ സേനാംഗങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ഇതെല്ലാം റോഡിലും പറമ്പിലും നിറഞ്ഞ് ജീവിക്കാൻ പറ്റാത്ത സ്ഥലമായി കേരളം മാറുമായിരുന്നു. ഹരിതകർമ്മ സേനയെപ്പറ്റി പഠിക്കാൻ ഇന്ത്യയുടെ പല സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയിൽ ആദ്യത്തെ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞു. ഡിജിറ്റൽ തട്ടിപ്പുകൾ നേരിടുന്നതിനുള്ള പരിശീലനം ആളുകൾക്ക് കൊടുക്കുന്ന ഡിജിറ്റൽ സാക്ഷരതയുടെ രണ്ടാംഘട്ടം ആരംഭിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എ.സി മൊയ്തീൻ എം.എൽ.എയുടെ 2020-21 ലെ ആസ്തി വികസന പദ്ധതിയിൽനിന്നും അനുവദിച്ച 95 ലക്ഷം രൂപയും പഞ്ചായത്തിൻ്റെ തനത് ഫണ്ടിൽ നിന്നും വിവിധ ഘട്ടങ്ങളിലായി വകയിരുത്തിയ ഫണ്ടും ഉൾപ്പടെ നാലു കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചത്. ആധുനിക സാങ്കേതിക സൗകര്യങ്ങൾ ഉൾക്കൊള്ളുന്നതും പൊതുജന സൗഹൃദോൻമുഖവുമായ കെട്ടിടത്തിൽ ഇരുന്നൂറോളം ആളുകൾക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാൾ സൗകര്യവും, മീഡിയ റൂം, കമ്മ്യൂണിറ്റി ഹാൾ, പാർക്കിംഗ് തുടങ്ങിയ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ എ.സി മൊയ്തീൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. സേവ്യർ ചിറ്റലിപ്പിള്ളി എംഎൽഎ മുഖ്യാതിഥിയായി. ലൈഫ് പദ്ധതി വഴി പൂർത്തീകരിച്ച 255 വീടുകളുടെ താക്കോൽ ദാനം സേവ്യർ ചിറ്റലിപ്പിള്ളി എംഎൽഎ നിർവ്വഹിച്ചു. വേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.ആർ ഷോബി ചടങ്ങിന് സ്വാഗതം പറഞ്ഞു. തൃശ്ശൂർ എൽ.എസ്.ജി.ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ പി.ജെ സ്മിത റിപ്പോർട്ട് അവതരിപ്പിച്ചു. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആൻസി വില്യംസ്, ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ഡോ. വി.കെ വിജയൻ, കടവല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ഐ രാജേന്ദ്രൻ, കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രേഷ്മ, കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മീന സാജൻ, ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ചിത്ര വിനോഭാജി, ചൂണ്ടൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനിൽ, എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബസന്ത് ലാൽ, ജില്ലാ പഞ്ചായത്തംഗങ്ങളായ എ.വി വല്ലഭൻ, ജലീൽ ആദൂർ, വേലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കർമ്മല ജോൺസൺ, വേലൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.പി സിന്ധു, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്തിലെ വിവിധ കലാകാരന്മാരെയും, വിവിധ പ്രവർത്തനങ്ങൾക്ക് സ്ഥലം വിട്ടുനൽകിയ ആളുകളെയും ഹരിത കർമ സേന അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു.



